ദേശീയ പാതകളില്‍ ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.
ഡിസംബറിനുള്ളില്‍ ദേശീയ പാതയിലെ 5000 കിലോമീറ്റര്‍ ദൂരം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജി.എന്‍.എസ്.എസ് ) പരിധിയില്‍ കൊണ്ടുവരും.
തുടര്‍ന്ന് പൈലറ്റ് അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 5000 കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതി വേണ്ട പരിഷ്‌ക്കാരങ്ങള്‍ക്ക് ശേഷം രാജ്യവ്യാപകമായി നടപ്പിലാക്കും.
അതേസമയം, ഉപഗ്രാധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഗതാഗത രംഗത്തെ ആധുനീകരിക്കുന്നതിനൊപ്പം റോഡിലെ തിരക്ക് കുറക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നിലവില്‍ 12.7 കോടി വാഹനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ ഒമ്പത് കോടി വാഹനങ്ങളില്‍ മാത്രമേ ഫാസ്റ്റ് ടാഗുള്ളൂ. കാല്‍ഭാഗം വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഇല്ലെന്നതാണ് ഇതിനര്‍ത്ഥം.
കുറച്ചാളുകള്‍ ടോള്‍ പിരിവില്‍ നിന്നും സമര്‍ത്ഥമായി രക്ഷപ്പെടുന്നുണ്ട്. ഇവരെ കണ്ടെത്താനും ടോള്‍ വരുമാനത്തിലെ ചോര്‍ച്ചയടക്കാനും പുതിയ സംവിധാനത്തിനാകും. 10,000 കോടി രൂപയെങ്കിലും അധികമായി സര്‍ക്കാരിലേക്കെത്തും.
ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം സഞ്ചരിച്ച ദൂരത്തിന് മാത്രം ടോള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോള്‍ പിരിവാണ്. നിലവില്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുള്ള ഫാസ്ട് ടാഗിനൊപ്പം പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ടോള്‍ പ്ലാസകളില്‍ ജി.എന്‍.എസ്.എസ് അധിഷ്ഠിത ടോള്‍ ടാഗുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക വരി ഏര്‍പ്പെടുത്തും. ക്രമേണ ഭൂരിപക്ഷം വരികളും ഈ സംവിധാനത്തിലേക്ക് മാറും. ആധുനിക ടോള്‍ പിരിവ് സംവിധാനം വരുന്നത് ചരക്ക്, യാത്രാ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കും.
STORY HIGHLIGHTS:Union Ministry of Road Transport and Highways to implement satellite-based toll collection system on national highways in the country within the next few years.