പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി; മലപ്പുറത്ത് 32,366 കുട്ടികൾക്ക് സീറ്റില്ല
മലപ്പുറം:പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയ 32,366 കുട്ടികള്‍ക്ക് സീറ്റില്ല.
ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാർഥികള്‍ പണം നല്‍കി പഠിക്കേണ്ടി വരും. മലപ്പുറം ജില്ലയില്‍ പ്ലസ്‍വണിന് ആകെ അപേക്ഷിച്ച വിദ്യാർഥികള്‍ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 50,036 സീറ്റുകളില്‍ വിദ്യാർഥികള്‍ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകള്‍ മാത്രം.
അപേക്ഷ നല്‍കിയ 32,366 പേർക്ക് മലപ്പുറം ജില്ലയില്‍ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരില്‍ 7606 പേർ സമീപ ജില്ലക്കരാണ്. ഇവരെ മാറ്റിനിർത്തിയാലും 24,760 കുട്ടികള്‍ ഇനിയും അഡ്മിഷൻ ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്. പുതിയ ബാച്ചുകള്‍ വന്നില്ലെങ്കില്‍ ഈ കുട്ടികളെല്ലാം പണം നല്‍കി പഠിക്കേണ്ടി വരും.
മലബാറിലെ സീറ്റ് ക്ഷാമത്തില്‍ മൂന്നാം അലോട്ട്മെന്‍റിന് ശേഷം സ്ഥിതി വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ അറിയിച്ചത്. സർക്കാറിന് നിയന്ത്രണമുള്ള ഏകജാലക പ്രവേശനത്തിന്‍റെ പരിധിയില്‍ വരാത്തതും ഉയർന്ന ഫീസ് നല്‍കി പഠിക്കേണ്ടതുമായ അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി ചേർത്തുള്ള കണക്കാണ് വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ചിരുന്നത്. മന്ത്രിയുടെ വാദങ്ങളെല്ലാം പൊളിക്കുന്നതാണ് മൂന്നാം അലോട്ട്മെന്‍റ് പുറത്തുവന്നപ്പോഴുള്ള കണക്കുകള്‍.
STORY HIGHLIGHTS:Severe crisis in Plus One admission; 32,366 children have no seat in Malappuram