ഒമാനിലെ മലയാളി കൂട്ടായ്മകൾ ചേർന്ന് പരിസ്ഥിതി ദിനം ആഘോഷിച്ചു
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷനും, മലയാളം മിഷനും, ഗ്രീൻ ക്ലീൻ കേരളയും ചേർന്ന് ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ദർസൈത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഭൗമാപചയത്തിനെക്കുറിച്ച് അവബോധം വളർത്താനും സമൂഹത്തിൽ ഹരിതപ്രവർത്തനത്തിന് പ്രചോദനം നൽകാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി അന്തരിച്ച പ്രൊഫസർ ശോഭീന്ദ്രൻ്റെ സ്മരണയ്ക്കായി സ്‌കൂൾ കാമ്പസിനുള്ളിൽ പൂന്തോട്ടം സ്ഥാപിക്കും.
ഈ പ്രതീകാത്മക പ്രവർത്തനങ്ങൾ വരും തലമുറക്ക് മാതൃകയാകുമെന്നും നമ്മുടെ ഭൂമി ഹരിതവൽക്കരിക്കുക എന്ന ലക്ഷ്യത്തിനായി ലോകമെമ്പാടുമുള്ള സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതു വേണ്ടി മലയാളം മിഷനുമായും ഗ്രീൻ ക്ലീൻ കേരളയുമായും സഹകരിക്കുന്നതിൽ വേൾഡ് മലയാളി ഫെഡറേഷന് അഭിമാനമുണ്ടെന്നും ഡോ.രത്നകുമാർ പറഞ്ഞു.
എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്ന ഈ ലോക പരിസ്ഥിതി ദിനം നമ്മുടെ പാരിസ്ഥിതിക തകർച്ചയുടെ പരിഹാരത്തിനായി ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, ഭാവി തലമുറകൾക്ക് ആരോഗ്യകരമായ ഒരു ഗ്രഹം ഉറപ്പാക്കാൻ നമുക്ക് കഴിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള മലയാളി ഓൺലൈൻ ഹരിത സംഗമത്തിന്റെ ഉദ്ഘാടനവും ഡോ രത്‌നകുമാർ നിർവഹിച്ചു.
പാരിസ്ഥിതിക സുസ്ഥിരതയ്ക്കുള്ള ഒമാനിലെ മലയാളി സമൂഹത്തിൻ്റെ പ്രതിബദ്ധതയെ വെളിപ്പെടുത്തിയ ചടങ്ങ് ഐക്യരാഷ്ട്രസഭയുടെ 2024-ലെ ലോക പരിസ്ഥിതി ദിന പ്രമേയമായ “ഭൂമി പുനരുദ്ധാരണം, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം” എന്നതുമായി താദാന്മ്യം പ്രാപിക്കുന്ന ഒന്നായിരുന്നു.
പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ദർസൈത് പ്രിൻസിപ്പാൾ അമർ ശ്രീവാസ്തവ, സ്‌കൂൾ മാനേജ്‌മന്റ് കൺവീനർ നിഷാന്ത്, വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൌൺസിൽ പ്രസിഡന്റ് ജോർജ് രാജൻ, സെക്രെട്ടറി ഷെയ്ഖ് റഫീഖ്, വേൾഡ് മലയാളി ഫെഡറേഷൻ മസ്കറ്റ് കൌൺസിൽ പ്രസിഡന്റ് ശ്രീകുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രെട്ടറി അനു ചന്ദ്രൻ, ട്രഷറർ ശ്രീകുമാർ, ആഗോള മലയാളി ഓൺലൈൻ ഹരിത സംഗമം ഒമാൻ കോർഡിനേറ്റർ നിഷ പ്രഭാകരൻ, മലയാളം മിഷൻ ഭാഷ അധ്യാപിക ആൻസി എന്നിവർ പങ്കെടുത്തു.
STORY HIGHLIGHTS:Malayali groups in Oman celebrated Environment Day