ന്യൂഡൽഹി: സുപ്രധാനമായ ആറ് വകുപ്പുകൾ വിട്ടുതരില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. ആഭ്യന്തരം, ധനം, റെയിൽവേ, പ്രതിരോധം, നിയമം, വിവരസാങ്കേതിക വകുപ്പുകളാണ് വിട്ടുതരാനാവില്ലെന്ന് ബി.ജെ.പി സഖ്യകക്ഷി നേതാക്കളെ അറിയിച്ചത്.
കേവലഭൂരിപക്ഷം തികക്കുന്നതിൽ നിർണായകമായി മാറിയ സഖ്യകക്ഷികൾ ഉയർത്തുന്ന സമ്മർദങ്ങൾക്ക് പോംവഴി കാണാനുള്ള ചർച്ചകൾ തുടരുകയാണ്. വെള്ളിയാഴ്ച എൻ.ഡി.എയുടെ നിർണായക യോഗം നടക്കും.
ഗ്രാമവികസന വകുപ്പ്, പ്രതിരോധം, റെയിൽവേ, കൃഷിവകുപ്പ് എന്നിവ തങ്ങൾക്ക് വേണമെന്നാണ് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാറിന് പ്രത്യേക പദ വി വേണം. എൻ.ഡി.എ കൺവീനർ സ്ഥാനവും നിതീഷ് ആവശ്യപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭയുടെ ഭാഗമാകാൻ നിതീഷ് കുമാർ പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ചതെന്നാണ് വിവരം. നിർണായകമായ 12 എം.പിമാരാണ് നിതീഷിനൊപ്പമുള്ളത്. ഇതുകൂടാതെ, രാജ്യസഭാ ഉപാധ്യക്ഷ പദവിയും നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭ സ്പീക്കർ പദവി വേണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരിക്കുകയാണ്. നഗര-ഗ്രാമ വികസന വകുപ്പ്, കപ്പൽ ഗതാഗത തുറമുഖ വകുപ്പ്, ഉപരിതല ഗതാഗത ഹൈവേ വകുപ്പ്, ജലവകുപ്പ് എന്നിവ വേണമെന്നാണ് ടി.ഡി.പി വ്യക്തമാക്കിയത്. ആന്ധ്രയിൽ ചന്ദ്രബാബുവിൻ്റെ ടി.ഡി.പി നേടിയത് 16 സീറ്റുകളാണ്. ആന്ധ്രപ്രദേശിനും പ്രത്യേക പദവി വേണമെന്ന് ടി.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ട്.
STORY HIGHLIGHTS:BJP clarified that six important departments will not be released.