എയർ ഇന്ത്യാ എക്സ്പ്രസിന് തീ പിടിച്ചു
തിരുവനന്തപുരം: ബംഗ്ളൂരുവിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസിന് തീ പിടിച്ചു. പറന്നുയർന്ന ഉടൻ തീ പിടിക്കുകയായിരുന്നു. ബംഗ്ളൂരു എയർപോർട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാൻഡിംഗ് നടത്തി.
വലതുവശത്തെ ചിറകിനടുത്തെ എഞ്ചിന് തീപിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം യാത്രക്കാരിലൊരാൾ പകർത്തിയിട്ടുണ്ട്. തീ കണ്ട് യാത്രക്കാർ ബഹളം വെച്ചതോടെയാണ് എമർജൻസി ലാൻഡിംഗ് നടത്തിയത് എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ചില യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. തലനാരിഴക്ക് വൻ ദുരന്തമാണ് ഒഴിവായത്.
എങ്ങനെയാണ് തീപിടിച്ചത് എന്ന് വ്യക്തമല്ല. പതിനൊന്ന് മണിക്കാണ് ബോർഡിംഗ് കഴിഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്‌തത് എന്ന് യാത്രക്കാരനായ അഡ്വ രാജസിംഹൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. തീ പടരുന്നത് കണ്ടയുടനെ പിറക് വശത്ത് നിന്ന് ശബ്‌ദവും കേട്ടിരുന്നു എന്ന് രാജസിംഹൻ പറഞ്ഞു. ‘പത്ത് മിനിറ്റ് കൊണ്ട് തന്നെ എമർജൻസി ലാൻഡിംഗ് നടത്തി. എയർപോർട്ടിലെ റൺവേയുടെ ചേർന്നുള്ള സ്ഥലത്താണ് ലാൻഡിംഗ് നടത്തിയത്.
ലാൻഡിംഗ് നടത്തിയപ്പോൾ തന്നെ തീ അത്യാവശ്യം പിടിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എമർജൻസി ഡോർ തുറന്ന് എല്ലാവരോടും ചാടാൻ പറയുകയായിരുന്നു. ഇക്കാരണം കൊണ്ട് യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. അവരെയെല്ലാം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞങ്ങളെ എല്ലാം എയർപോർട്ടിനുള്ളിലെ ഒരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. 9.45 ന് പോകേണ്ട വിമാനമാണിത്. 11 മണിക്കാണ് പുറപ്പെട്ടത്, അദ്ദേഹം പറഞ്ഞു.
STORY HIGHLIGHTS:Air India Express caught fire