80 ലധികം വിമാനങ്ങള്‍ റദ്ദാക്കി ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്
ഡൽഹി:80 ലധികം വിമാനങ്ങള്‍ റദ്ദാക്കി ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്. എയർലൈനിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിച്ച് ക്യാബിൻ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോർട്ട് ചെയ്തതിനാല്‍ എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുകയും ചെയ്തിട്ടുണ്ട്.
ഫ്ലൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
മാർച്ച് അവസാന വാരത്തില്‍ ആരംഭിച്ച വേനല്‍ക്കാല സ്പെഷ്യല്‍ ഫ്ലൈറ്റുകള്‍ ഉള്‍പ്പടെ പ്രതിദിനം 360 ഫ്ലൈറ്റ് സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്.
ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ കാരണങ്ങള്‍ മനസിലാക്കാൻ ക്യാബിൻ ക്രൂ അംഗങ്ങളുമായി ചർച്ച നടത്തുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
ക്യാബിൻ ക്രൂവിലെ ഒരു വിഭാഗത്തില്‍ കുറച്ചുകാലമായി അതൃപ്തി നിലനില്‍ക്കുന്നുണ്ട്, പ്രത്യേകിച്ചും ലയന പ്രക്രിയ ആരംഭിച്ചതിന് ശേഷം. 200-ലധികം ക്യാബിൻ ക്രൂ ജീവനക്കാരാണ് സിക്ക് ലീവ് എടുത്തിരിക്കുന്നത്.
ക്യാബിൻ ക്രൂ ക്ഷാമം കാരണം ചൊവ്വാഴ്ച രാത്രി മുതല്‍ കുറഞ്ഞത് 80 ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു.
കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളില്‍ വിമാന സർവീസുകള്‍ തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിമാന സർവീസുകള്‍ റദ്ദാക്കേണ്ടി വന്നത് യാത്രക്കാർക്കിടയില്‍ പ്രതിഷേധം ഉയർത്തി.
“ഞങ്ങളുടെ ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം അവസാന നിമിഷം അസുഖം അവധി റിപ്പോർട്ട് ചെയ്തു, ഇത് ഇന്നലെ രാത്രി മുതല്‍, ഫ്ലൈറ്റ് കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി.
ഈ സംഭവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കാൻ ഞങ്ങള്‍ ജോലിക്കാരുമായി ചർച്ച നടത്തുകയാണ്.
യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിന് ഞങ്ങളുടെ ടീമുകള്‍ ശ്രമിക്കുന്നുണ്ട്” എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
STORY HIGHLIGHTS:Tata Group-owned Air India Express has canceled more than 80 flights