പരീക്ഷാപേപ്പറില് ‘ജയ്ശ്രീറാം’ എന്നെഴുതിയ വിദ്യാര്ഥികള്ക്ക് 50%ത്തിലേറെ മാര്ക്ക്..
ലഖ്നോ: യുപിയിലെ സര്വകലാശാലയില് പരീക്ഷാ പേപ്പറില് ‘ജയ് ശ്രീറാം’ എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരുകളും മറ്റുമെഴുതിയ നാല് വിദ്യാര്ഥികള്ക്ക് 50 ശതമാനത്തിലേറെ മാര്ക്ക്.
ഉത്തര്പ്രദേശിലെ സംസ്ഥാന സര്വകലാശാലയായ ജൗന്പൂര് പട്ടണത്തിലെ വീര് ബഹാദൂര് സിങ് പൂര്വാഞ്ചല് സര്വകലാശാലയിലാണ് നിരവധി വിദ്യാര്ഥികള്ക്ക് മാര്ക്ക് ദാനം നല്കിയത്. ‘ജയ് ശ്രീറാം’ എന്നും നിരവധി ഇന്ത്യന് ക്രിക്കറ്റ് കളിക്കാരുടെ പേരുകളുമാണ് ഉത്തരക്കടലാസില് എഴുതിയിരുന്നത്.
സംഭവത്തില് വിദ്യാര്ഥികള്ക്ക് അനധികൃതമായി മാര്ക്ക് നല്കിയെന്ന് ആരോപിച്ച് രണ്ട് അധ്യാപകരെ പിരിച്ചുവിടാന് സര്വകലാശാല ശുപാര്ശ ചെയ്തതായി മാധ്യമങ്ങള് റിപോര്ട്ട് ചെയ്തു. സര്വകലാശാലയിലെ മുന് വിദ്യാര്ത്ഥി ദിവ്യാന്ഷു സിങ് നല്കിയ വിവരാവകാശ രേഖയെത്തുടര്ന്ന് സര്വകലാശാലയിലെ ഫാര്മസി കോഴ്സിലെ നാല് വിദ്യാര്ഥികളുടെ ഉത്തരക്കടലാസുകള് വീണ്ടും പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഡിഫാം(ഡിപ്ലോമ ഇന് ഫാര്മസി) കോഴ്സിലെ നാല് വിദ്യാര്ത്ഥികളുടെ ഉത്തരക്കടലാസിലാണ് പലയിടത്തും ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം എഴുതിയത്. ഇതോടൊപ്പം നിരവധി ഇന്ത്യന്, അന്തര്ദേശീയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഈ നാല് വിദ്യാര്ഥികള്ക്കും 50 ശതമാനത്തിലേറെ മാര്ക്ക് ലഭിച്ചതായി വിവരാവകാശ രേഖ വെളിപ്പെടുത്തി.
ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചപ്പോള് നാല് പരീക്ഷാര്ത്ഥികള്ക്കും പൂജ്യം മാര്ക്കാണ് ലഭിച്ചത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ രേഖ സമര്പ്പിച്ച പൂര്വ വിദ്യാര്ത്ഥി സര്വകലാശാല ചാന്സലറായ സംസ്ഥാന ഗവര്ണറെ സമീപിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്പ്പെട്ട രാജ്ഭവന് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം അന്വേഷിക്കാന് വാഴ്സിറ്റി ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ റിപോര്ട്ടിന്റെ അടിസ്ഥാനത്തില് ബന്ധപ്പെട്ട വകുപ്പിലെ രണ്ട് അധ്യാപകര്ക്കെതിരെ നടപടിക്ക് ശുപാര്ശ ചെയ്യുകയും ചെയ്തു. ഫാര്മസി ഡിപ്പാര്ട്ട്മെന്റിലെ രണ്ട് ഫാക്കല്റ്റി അംഗങ്ങളെ പിരിച്ചുവിടാന് ശുപാര്ശ ചെയ്തതായും രാജ്ഭവനില് നിന്ന് അനുമതി ലഭിച്ചാല് അവരെ പിരിച്ചുവിടുമെന്നും സര്വകലാശാല അധികൃതര് അറിയിച്ചു.
STORY HIGHLIGHTS:More than 50% marks for students who wrote ‘Jaishreeram’ in the exam paper.