ഹോർലിക്സ് ഇനി ‘ഹെൽത്തി ഡ്രിങ്ക്’ അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം
ഹോർലിക്സ് ഇനി ‘ഹെൽത്തി ഡ്രിങ്ക്’ അല്ല; തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം
വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്.
പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ.2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം ‘ഹെൽത്ത് ഡ്രിങ്ക്‌സിന്’ പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈയിടെ വ്യക്തമാക്കിയിരുന്നു. പാൽ, ധാന്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ പാനീയങ്ങൾ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളിൽ നിർവചിച്ചിട്ടില്ലാത്തതിനാലാണിത്. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു. ഇൻഡസ്ട്രി മാർക്കറ്റ് റിസർച്ച് ആൻഡ് അഡ്വൈസറി സ്ഥാപനമായ ടെക്‌നാവിയോയുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ ആരോഗ്യ പാനീയങ്ങളുടെ വിപണി വിഹിതം 2026 ഓടെ 3.84 ബില്യൺ ഡോളർ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHTS:Horlicks is no longer a ‘healthy drink’; FSSAI advises to avoid misleading labels