NewsWorld

ഗസ യുദ്ധത്തിന്റെ 200ാം നാളില്‍ താക്കീതുമായി അബു ഉബൈദ



‘തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു’; ഗസ യുദ്ധത്തിന്റെ 200ാം നാളില്‍ താക്കീതുമായി അബു ഉബൈദ

ഗസ: ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ യുദ്ധത്തിന്റെ 200ാം നാളില്‍ അതിശക്തമായ മുന്നറിയിപ്പുമായി അബൂ ഉബൈദയുടെ സന്ദേശം. കണക്ക് പറയാതെയും തിരിച്ചടി കിട്ടാതെയും കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞെന്നും നേരിയ ഒരു വിജയപ്രതീക്ഷ പോലുമില്ലാതെയാണ് ശത്രുസൈന്യമുള്ളതെന്നും അബൂ ഉബൈദ സന്ദേശത്തില്‍ വ്യക്തമാക്കി.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡിന്റെ വക്താവ് എന്നറിയപ്പെടുന്ന അബു ഉബൈദ യുദ്ധം തുടങ്ങിയ ശേഷം വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഒക്ടടോബര്‍ ഏഴിന് നടന്ന തൂഫാനുല്‍ അഖ്‌സ ഇസ്രായേലിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധമുള്ള തിരിച്ചടിയായിരുന്നുവെന്നും സയണിസത്തിന്റെ അസ്തിത്വം പിഴുതെറിയാനും മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കാനും വേണ്ടിയാണ് തൂഫാനുല്‍ അഖ്‌സ സംഭവിച്ചതെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.

അന്നു മുതല്‍ സയണിസവും അതിന്റെ കിരാത നേതൃത്വവും അവരുടെ മുഖം രക്ഷിക്കാന്‍ പാടുപെടുകയാണ്. പക്ഷേ, നമ്മുടെ ജനതയുടെ പ്രതിരോധത്തിന് മുന്നില്‍ സൈനിക മുന്നേറ്റം പരാജയപ്പെട്ട് കനത്ത പരാജയം ഏറ്റുവാങ്ങിയും ലോകത്തിന് മുന്നില്‍ മുഖം കൂടുതല്‍ വികൃതമാവുകയും കൂടുതല്‍ നിന്ദ്യരും അപമാനിതരും ആവുകയായിരുന്നു.

അവര്‍ക്കിപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധം കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ പറ്റുന്നുണ്ടാവും. അഹങ്കാരികള്‍ ഗസയില്‍ ഉഴലാന്‍ തുടങ്ങിയിട്ട് 200 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നേരിയ ഒരു വിജയപ്രതീക്ഷ പോലുമില്ലാതെയാണ് അവരുള്ളത്. അവര്‍ക്ക് ബന്ദികളെ മോചിപ്പിക്കണമെന്നില്ല. ക്രൂരമായ അക്രമണമഴിച്ചു വിട്ട് ഇവിടം തകര്‍ക്കുകയാണവര്‍.

ഇതുവരെ അവരുടെ ഒരു ലക്ഷ്യവും സാക്ഷാല്‍ക്കരിക്കാനായിട്ടില്ല. ഫലസ്തീനിന്റെയും ലോകത്തുള്ള സകലരുടെയും ഏറ്റവുമധികം വെറുപ്പ് സമ്പാദിച്ചവര്‍ എന്ന പേരിലായിരിക്കും ഈ പരാജിതരായ സൈന്യവും അവരുടെ നേതൃത്വവും ചരിത്രത്തില്‍ അറിയപ്പടുക. നെതന്യാഹുവിന്റെ പുതിയ സൈനിക കമാന്‍ഡറുടെ വാക്കുകള്‍ നമ്മള്‍ കേട്ടതാണ്. നിങ്ങളോടുള്ള വെറുപ്പ് വൈറസ് പോലെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണല്ലോ എന്ന് അയാളുടെ പിതാവ് അയാളോട് പറഞ്ഞത്രെ.

ഞങ്ങള്‍ക്ക് പറയാനുള്ളത്, കമാന്‍ഡറുടെ പിതാവ് പറഞ്ഞത് ശരിയാണ്. ഇതിപ്പോള്‍ നിങ്ങളുടെ പിതാവ് പുതിയ കണ്ടുപിടിത്തമായി പറയേണ്ട കാര്യമൊന്നുമില്ല. ഈ വൈറസ് ഇങ്ങനെ പടരാനുള്ള കാരണം, നിങ്ങളുടെ വൃത്തികെട്ട സമീപനങ്ങള്‍ കാരണമാണ്.

കാലങ്ങളായി ഒരുപാട് നിരപരാധികളുടെ രക്തംപുരണ്ട നിങ്ങളുടെ കൈകള്‍ കാരണമാണ്. ഈ വൈറസ് അത് നിങ്ങളുടെ അടിവേരിളക്കി നിങ്ങളെയും കൊണ്ടേ പോവൂ! നിന്റെ പിതാവിന്റെ നോട്ടില്‍ ഇതെഴുതി വച്ചോളൂ. നിന്റെ തൗറാത്ത് ഒന്നെടുത്ത് വായിക്ക്, അതില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന നിന്നെപ്പോലുള്ള തെമ്മാടികള്‍ക്ക് അല്ലാഹു നല്‍കുന്ന ശിക്ഷയെന്താണെന്ന് നോക്ക്!. ഫലസ്തീനിലെ പര്‍വതങ്ങള്‍ കണക്കെ നമ്മുടെ പ്രതിരോധം ശക്തമാണ്.

ധീരരായ പോരാളികള്‍ എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുകയാണ്. ഈ ശത്രുവിനെ ഗസയുടെ ഓരോ ചാരങ്ങളില്‍ നിന്നും പുറത്താക്കാന്‍ ഒരുമ്പെട്ടവരാണവര്‍. ഞങ്ങളുടെ പോരാളികളുടെ ധീരതയുടെ ചെറിയൊരംശം എല്ലാവരും കണ്ടതാണ്.

നേരിട്ടുള്ള ആക്രമണം മാത്രമല്ല, അവര്‍ പിന്തിരിയുന്ന നേരത്തും അവര്‍ കേറിയിറങ്ങിയ മുഴുവന്‍ സ്ഥലത്തും നമ്മള്‍ അവര്‍ക്ക് കനത്ത തിരിച്ചടി കൊടുത്തിട്ടുണ്ട്. ചെറിയ രൂപത്തിലുള്ള ആക്രമണമാണ് നാം റമദാന്‍ പതിനേഴിന് കൊടുത്തത്. അല്‍സന്നയിലും ഖാന്‍യൂനിസിലും ബൈത്ത് ഹാനൂനിലെ പതിസ്ഥലത്ത് വെച്ചും ഹയ്യുശ്ശുജാഇയ്യയിലും ഗസ്സയുടെ പല സ്ഥലത്തും അവരുടെ സൈനിക വ്യൂഹങ്ങളും നാം തകര്‍ത്തിട്ടുണ്ട്.

ശത്രുവിനെതിരെയുള്ള പോരാട്ടം അവര്‍ ഇവിടെയുള്ളിടത്തോളം കാലം തുടരുക തന്നെ ചെയ്യും. പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍. ജനങ്ങളേ, തൂഫാനുല്‍ അഖ്‌സയുടെ ഇരുന്നൂറാം ദിനത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് താഴെ ചേര്‍ക്കുന്നു: ഒന്നാമതായി, കുറേ നാളായി അധിനിവേശ ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്ന പെരുംനുണ, റഫ തുടച്ചുനീക്കി വിജയം നേടുമെന്നാണ്.

അത് എല്ലാവരോടും പറയുകയും ചെയ്തു. കാരണം ഗസ്സയില്‍ തങ്ങള്‍ അല്‍ഖസ്സാമിലെ ഒരുപാടാളുകളെ വധിച്ചിട്ടുണ്ടെന്നും ഇനി അല്‍ഖസ്സാമിലെ ആളുകളുള്ളത് റഫയിലാണെന്നുമുള്ള പല നുണകളും അവര്‍ പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടാനും തങ്ങളുടെ ദൗര്‍ബല്യത്തെ മറച്ചുപിടിക്കുകയും ചെയ്യാനുള്ള അധിനിവേശ ഭരണകൂടത്തിന്റെ ശ്രമമാണ്

ശത്രുസൈന്യത്തിന്റെ തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധക്കുറ്റങ്ങള്‍ അവരുടെ പരാജയം വിളിച്ചോതുന്നവയാണ്. ഇതൊന്നും വിജയമെന്ന് പറയാന്‍ പോലുമാവില്ല. കുട്ടികളെ കൊന്നൊടുക്കാന്‍ മടിയില്ലാത്ത സൈന്യം, കുടുംബങ്ങളെ കൂട്ടക്കുരുതി ചെയ്യുന്ന സൈന്യം, ആശുപത്രികളും കുഴിമാടങ്ങളും വരെ തകര്‍ക്കുന്ന സൈന്യം, രക്തസാക്ഷികളുടെ മൃതദേഹങ്ങളോട് പകപോക്കുന്ന സൈന്യം, നിരപരാധികളായ അനേകം പേരെ വെറും മീറ്ററുകള്‍ ദൂരത്തിരുന്ന് വെടിവെക്കുന്ന സൈന്യം, അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനനാ പ്രവര്‍ത്തകരെയും സന്നദ്ധസേവകരെയും കൊല്ലുന്ന സൈന്യം. ഇതൊക്കെയാണ് പരാജിതരായ, കടുത്ത അപകര്‍ഷതാ ബോധമുള്ള ഒരു സൈന്യത്തിന്റെ വിശേഷണങ്ങള്‍.

ഇതൊന്നും ഒരു വിജയിച്ച സൈന്യത്തിന് ചേര്‍ന്നതല്ല.ഇതൊക്കെയും അധിനിവേശകരായ ഈ വ്യവസ്ഥിതി എന്തുമാത്രം അധഃപതിച്ചു എന്നതിന്റെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒക്ടോബര്‍ ഏഴിന് വെറും ഒരു മണിക്കൂര്‍ കൊണ്ട് അവരുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ നാം ഇല്ലാതാക്കി.

200 ദിവസമായിട്ട് കൂട്ടവംശഹത്യ നടത്തിയിട്ട് പോലും അവരുടെ ലക്ഷ്യം നേടാന്‍ അവര്‍ക്കായിട്ടില്ല. അതുകൊണ്ട്് ശത്രുസൈന്യത്തോടാണ്, ഗസയുടെ ഏതെങ്കിലും സ്ഥലത്ത് ഒരുപാട് സൈനിക സംവിധാനങ്ങള്‍ വിന്യസിച്ച് വിജയം നേടാമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിങ്ങളെയും കാത്ത്, നിങ്ങളുടെ സൈന്യത്തെ തരിപ്പണമാക്കാന്‍ ഞങ്ങളുണ്ടാവും.

ഗസയും അതിന്റെ പ്രതിരോധനിരയും സര്‍വസജ്ജരായി ഇവിടെത്തന്നെയുണ്ടാവും. ഇത് നിങ്ങള്‍ക്കുള്ള ഞങ്ങളുടെ താക്കീതാണെന്നും അബൂ ഉബൈദ പറയുന്നുണ്ട്. ഇറാന്റെ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന ശബ്ദ സന്ദേശം ഇതൊരു ജിഹാദാണെന്നും ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം എന്നതാണ് ഞങ്ങളുടെ നയമെന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്

STORY HIGHLIGHTS:Abu Ubaydah warns on 200th day of Gaza war

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker