ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ വിതരണം ചെയ്ത വായ്പകള്‍ എക്കാലത്തെയും ഉയരത്തില്‍.
നടപ്പ് സാമ്പത്തികവര്‍ഷം (2023-24) ഇതിനകം 19.13 ലക്ഷം അപേക്ഷകര്‍ക്കായി 17,319.95 കോടി രൂപയുടെ വായ്പകളാണ് കേരളത്തില്‍ അനുവദിച്ചതെന്നും ഇതില്‍ 17,179.58 കോടി രൂപ വിതരണം ചെയ്തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നടപ്പുവര്‍ഷം അവസാനിക്കാന്‍ ഒരാഴ്ച കൂടി ശേഷിക്കേയാണ് മുദ്രാ വായ്പകളിലെ ഈ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കേരളത്തില്‍ വിതരണം ചെയ്ത മുദ്രാ വായ്പകളുടെ മൂല്യം 15,079 കോടി രൂപയായിരുന്നു. 17.81 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 50,000 രൂപവരെ ലഭിക്കുന്ന ശിശു, അമ്പതിനായിരത്തിന് മുകളില്‍ 5 ലക്ഷം രൂപവരെ കിട്ടുന്ന കിഷോര്‍, 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ നേടാവുന്ന തരുണ്‍ എന്നിങ്ങനെ മൂന്ന് വായ്പാ വിഭാഗങ്ങളാണ് മുദ്രാ വായ്പയിലുള്ളത്.
ഇതില്‍ കിഷോര്‍ വായ്പയ്ക്കാണ് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതല്‍. നടപ്പുവര്‍ഷം ഇതിനകം 8.05 ലക്ഷം അപേക്ഷകര്‍ക്കായി കിഷോര്‍ വിഭാഗത്തില്‍ 9,123.70 കോടി രൂപ വായ്പ അനുവദിച്ചു. ഇതില്‍ 9,047 കോടി രൂപ വിതരണം ചെയ്തു. 47,293 അപേക്ഷകരുള്ള തരുണ്‍ വിഭാഗത്തില്‍ അനുവദിച്ച വായ്പാത്തുക 4,370.32 കോടി രൂപയാണ്. വിതരണം ചെയ്തത് 4,320.15 കോടി രൂപ. 10.61 ലക്ഷം അപേക്ഷകരാണ് സംസ്ഥാനത്ത് ശിശു വിഭാഗത്തിലുള്ളത്.
ഇവര്‍ക്കായി 3,825.93 കോടി രൂപ അനുവദിച്ചതില്‍ 3,812.43 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ദേശീയതലത്തില്‍ നടപ്പുവര്‍ഷത്തെ (2023-24) വായ്പാ വിതരണം 5 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്.
STORY HIGHLIGHTS:Loans disbursed in Kerala under Pradhan Mantri Mudra Yojana are at an all-time high.