GulfSaudi

തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ സഊദിയിൽ നീക്കം.

തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി ക്രിമിനൽ കുറ്റമാക്കാൻ സഊദിയിൽ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ തൊഴിൽ ചട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചു. തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ക്രമരഹിത സമ്പ്രദായങ്ങൾ കുറ്റകരമാക്കൽ അനിവാര്യമാണെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

തൊഴിലുടമക്ക് കീഴിൽ ജോലിയില്ലാതെ പ്രൊഫഷണൽ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കാനാണ് നീക്കം. ഇങ്ങിനെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾക്കും ഇടനലിക്കാരായി പ്രവർത്തിക്കുന്നവർക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കും. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്. ഇത് താമസ തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് തൊഴിൽ സേവനങ്ങളെ കച്ചവടവൽക്കരിക്കുന്നതായാണ് കണക്കാക്കുക.

പ്രകൃതിദത്തമോ നിയമപരമോ ആയ ഒരു വ്യക്തിക്കും തനിക്ക് ജോലിയില്ലാതെ ഒന്നോ അതിലധികമോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയില്ല. അങ്ങിനെ ഒന്നോ അതിലധികമോ തൊഴിലാളികളെ ജോലിയില്ലാതെ റിക്രൂട്ട് ചെയ്യുന്ന ഏതൊരാൾക്കും 2 ലക്ഷം റിയാൽ മുതൽ 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തണമെന്നും നിയമലംഘകൻ പ്രവാസിയാണെങ്കിൽ നാട് കടത്തണമെന്നും മന്ത്രാലയം മുന്നോട്ട് വെച്ച നിർദ്ദേശത്തിൽ ആവശ്യപ്പെട്ടു.

നിരവധി സ്വദേശികളാണ് നിലവിൽ ഹൌസ് ഡ്രൈവർ വിസകളും മറ്റു തൊഴിൽ വിസകളും എടുത്ത് വിൽപ്പന നടത്തിവരുന്നത്. ഇതിന് മലയാളികളുൾപ്പെടെയുള്ള ഇടനിലക്കാരും സജീവമാണ്. ഇങ്ങിനെ നേടുന്ന വിസയിൽ വിദേശികളായ തൊഴിലാളികൾ രാജ്യത്തെത്തി കഴിഞ്ഞാൽ അവർ മറ്റു സ്ഥാപനങ്ങളിൽ ജോലി കണ്ടെത്തി സ്പോണ്‌സർഷിപ്പ് മാറ്റുകയാണ് പതിവ്. അതിന് സാധിക്കാത്തവരെ ഹുറൂബ് കേസുകളിലുൾപ്പെടുത്തുന്നതും പതിവാണ്. ശേഷം ഇതേ സ്വദേശികൾ വീണ്ടും പുതിയ വിസക്ക് അപേക്ഷിക്കുകയും വിൽപ്പന തുടരുകയും ചെയ്യും. ഇതാണ് നിലവിൽ നടന്ന് വരുന്ന രീതി.

എന്നാൽ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ രീതിക്ക് പ്രകടമായ മാറ്റമുണ്ടാകും. സ്വന്തം സ്ഥാപനത്തിലോ വീട്ടിലോ ജോലിയില്ലെങ്കിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പാടില്ലെന്നാണ് പുതിയ നിർദ്ദേശം വ്യക്തമാക്കുന്നത്. അങ്ങിനെ വരുമ്പോൾ പുതിയ വിസയിൽ സൌദിയിലെത്തുന്ന തൊഴിലാളികൾ മറ്റു ജോലികൾ തേടി നടക്കേണ്ട സാഹചര്യവും ഇല്ലാതാകും.

STORY HIGHLIGHTS:Saudi moves to criminalize the practice of recruiting workers without work under the employer.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker