JNUവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്ത്
ഒരു സര്വകലാശാലക്ക് രാജ്യത്തെ തകര്ക്കാനാകുമോ?’ വിവാദ സിനിമ JNUവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്ത്
വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎൻയു: ജഹാംഗീര് നാഷണല് യൂണിവേഴ്സിറ്റി’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്.
ഉർവശി റൗട്ടേല, സിദ്ധാർത്ഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാള്, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്.
കൈക്കുള്ളില് ഞെരിഞ്ഞമരുന്ന കാവിയണിഞ്ഞ ഇന്ത്യയുടെ ഭൂപടമാണ് പോസ്റ്ററിലുള്ളത്. “ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?” എന്നും എഴുതിയിരിക്കുന്നു.
ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ് ആദർശ് സിനിമയുടെ ആദ്യ പോസ്റ്റർ പങ്കുവെച്ച്കൊണ്ട് കുറിച്ചത് ഇങ്ങനെ- “ജെഎൻയു ആദ്യ പോസ്റ്റർ പുറത്ത്…ഏപ്രില് 5ന് റിലീസ്… വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അടഞ്ഞ മതിലുകള്ക്ക് പിന്നില് രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നു”.
ചിത്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നെറ്റിസണ്സ് അവരുടെ വ്യത്യസ്ത അഭിപ്രായങ്ങളും പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില് പങ്കിട്ടു. ചിലർ ഇതിനെ ‘പ്രൊപ്പഗണ്ട’ എന്ന് വിളിച്ചപ്പോള്, മറ്റുള്ളവർ അത് ‘ബ്ലോക്ക്ബസ്റ്റർ’ ആവുമെന്ന് പ്രഖ്യാപിച്ചു.
“പത്ത് വർഷം മുമ്ബ് ബോക്സോഫീസ് കീഴടക്കാനുള്ള എളുപ്പവഴി സല്മാനെ തന്റെ ഷർട്ട് അഴിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു, ഇപ്പോള് അതേ ഗ്രാഫിക് ഡിസൈനറെ മോശമായി എഴുതിയ വലതുപക്ഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നു” ഒരു യൂസർ അഭിപ്രായപ്പെട്ടു.
”സിനിമയുടെ പേരും സംഭാഷണങ്ങളും തരംതാണതാണ്. വെറുപ്പ് പ്രചരിപ്പിക്കാനുള്ള പുതിയ വഴിയാണ് ഈ സിനിമ”- മറ്റൊരു യൂസർ കമന്റ് ചെയ്തു.
”ഈ കെണിയില് ജനങ്ങള് വീഴില്ല, ഇത്തരത്തിലുള്ള പ്രൊപ്പഗണ്ടാ സിനിമകള് കൊണ്ട് അവർക്ക് മതിയായി #Disaster”- എക്സില് ഒരു യൂസർ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചും ചിലർ ചോദ്യം ഉന്നയിക്കുന്നു.
STORY HIGHLIGHTS:JNU’s first look poster is out