പതഞ്ജലിയുടെ മെഡിക്കൽ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി
ന്യൂഡൽഹി: യോഗാ ഗുരു എന്ന് പറയപ്പെടുന്ന രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയ്ക്കും അതിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായ ഉത്തരവ് ലംഘിച്ചതിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
ആധുനിക വൈദ്യശാസ്ത്രത്തെ അവഹേളിക്കുകയും രോഗങ്ങൾ ഭേദമാക്കുന്നതിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പതഞ്ജലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2022 ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെയും കോടതി വിമർശിച്ചു. ‘ഈ പരസ്യങ്ങളിലെ വാക്കുകൾ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതും നിയമ ലംഘനവുമാണ്. രാജ്യത്തെ മുഴുവൻ കബളിപ്പിക്കുകയാണ് ഈ പരസ്യങ്ങൾ. 2022 ൽ സമർപ്പിച്ച ഈ ഹരജിയിൽ രണ്ട് വർഷമായി നിങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഗുരു രാംദേവ് നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ ക്ലിപ്പ് ഉൾപ്പെടെ 2023, 2024ൽ ഇറങ്ങിയ പുതിയ പരസ്യങ്ങളെയും ഹരജിയിൽ പരാമർശിക്കുന്നുണ്ട്. അതിൽ അലോപ്പതിയിലെ സിന്തറ്റിക് മരുന്നുകളേക്കാൾ ഫലപ്രദമാണ് പതഞ്ജലി ഉൽപ്പന്നങ്ങൾ എന്ന് അവകാശമുന്നയിച്ചിരുന്നു. ഹരജിയിൽ ബാലകൃഷ്ണയെ കക്ഷിയാക്കാൻ കോടതി നിർദേശിക്കുകയും അദ്ദേഹത്തിനും കമ്പനിക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതികരണം തേടുകയും ചെയ്തു.
രക്തസമ്മർദ്ദം, പ്രമേഹം, സന്ധിവാതം, ആസ്ത്മ, സെർവിക്കൽ സ്പോണ്ടിലൈറ്റിസ്, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ രോഗനിർണയം, ചികിത്സ, ലഘൂകരണം, എന്നിവ അവകാശപ്പെടുന്ന പരസ്യം കൂടാതെ, ആസ്ത്മ ഇല്ലാതാക്കാനുള്ള പതഞ്ജലിയുടെ അവകാശവാദം ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് പ്രകാരം നിയമ വിരുദ്ധമാണെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ ഓരോ ഉൽപ്പന്നത്തിനും ഒരു കോടി രൂപ വീതം ചുമത്താൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
STORY HIGHLIGHTS:Supreme Court bans Patanjali’s medical advertisements