എസ്എസ്എല്സി-പ്ലസ് ടു പരീക്ഷയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി;
എസ്എസ്എല്സി-പ്ലസ് ടു പരീക്ഷയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി; സ്കൂളുകളുടെ ദൈനംദിന ചെലവുകള്ക്കുള്ള പണം ഉപയോഗിക്കും
തിരുവനന്തപുരം: എസ്എസ്എല്സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന് പണമില്ലാത്ത സാഹചര്യത്തില് സ്കൂളുകളുടെ നിത്യ ചെലവിനുള്ള ഫണ്ട് ഉപയോഗിക്കാന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്സി ഐടി പരീക്ഷ, ഹയര്സെക്കന്ഡറി പരീക്ഷകള്ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്.
സര്ക്കാരില് നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകള്ക്ക് ചെലവാകുന്ന പണം തിരികെ നല്കുമെന്നും ഉത്തരവില് പറയുന്നു. സ്കൂളുകളുടെ ദൈനംദിന ചെലവുകള്ക്കായുള്ള പിഡി അക്കൗണ്ടില് നിന്ന് പണമെടുക്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷാ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സര്ക്കാരിന് കത്ത് നല്കിയിരുന്നു.
ഇതിന് അനുമതി നല്കിയാണ് ഇപ്പോള് ഉത്തരവിറക്കിയിരിക്കുന്നത്. പണം ലഭിക്കുന്ന മുറയ്ക്ക് തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നല്കിയത്. കഴിഞ്ഞ വര്ഷം ഹയര്സെക്കന്ഡറി പരീക്ഷാ നടത്തിപ്പില് 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എല്സി ഐടി പരീക്ഷയ്ക്ക് 12 കോടി രൂപയും ചെലവായിരുന്നു.
ആകെ 2022-23 അധ്യയന വര്ഷം പരീക്ഷ നടത്തിപ്പിന് ചെലവായ 44 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശ്ശികയായുള്ളത്. ഈ കുടിശ്ശിക നിലനില്ക്കേയാണ് പുതിയ നീക്കം. നേരത്തേ ഉത്തര പേപ്പര് അച്ചടിക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നിരവധി യോഗങ്ങള് ചേര്ന്നിരുന്നു. ഇതിനു ശേഷമാണ് പ്രതിസന്ധി പരിഹരിച്ചത്.
STORY HIGHLIGHTS:Severe Financial Crisis for SSLC-Plus Two Exam;