മണിപ്പൂരിലെ(Manipur) ചുരാചന്ദ്പൂരില്(Churachandpur) പൊലീസ് സ്റ്റേഷന് അതിക്രമത്തിനിടെ മൂന്ന് പേര് കൊല്ലപ്പെട്ടു. 30 ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ചുരാചന്ദ്പൂര് എസ്പി ഓഫീസിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറാന് ശ്രമിക്കുകയായിരുന്നു. ഏകദേശം നാനൂറോളം വരുന്ന സംഘം ഓഫീസിനെ നേരെ മാര്ച്ച് നടത്തുകയും കല്ലെറിയുകയുമായിരുന്നു. ഇതോടെ സ്ഥിതിഗതികള് നിയന്ത്രിക്കാന് പൊലീസ് കണ്ണീര് വാതക ഷെല്ലുകള് പ്രയോഗിച്ചു. RAF ഉള്പ്പെടെയുള്ള സുരക്ഷാ സേനകള് അക്രമികളെ തുരത്താന് രംഗത്തിറങ്ങി. പൊലീസ് കാര്യങ്ങള് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചുരാചന്ദ്പൂര് എസ്പി ശിവാനന്ദ് സര്വെ ഹെഡ് കോണ്സ്റ്റബിള് സിയാംലാല്പോളിനെ സസ്പെന്ഡ് ചെയ്തിരുന്നു. കൂടുതല് അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെന്ഷന് തുടരമെന്നായിരുന്നു അറിയിപ്പ്. സായുധരായ സംഘത്തിനും ഗ്രാമത്തിലെ സന്നദ്ധപ്രവര്ത്തകര്ക്കൊപ്പം സിയാംലാല്പോള് ഇരിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചതിനെ തുടര്ന്നായിരുന്നു നടപടി.
”അച്ചടക്കമുള്ള പോലീസ് സേനയിലെ അംഗമെന്ന നിലയില് ഇത് വളരെ ഗുരുതരമായ മോശം പെരുമാറ്റത്തിന് തുല്യമാണ്. ഫെബ്രുവരി 14 ന് ആയുധധാരികളുമായുള്ള വീഡിയോ സോഷ്യല് മീഡിയയില് വൈറലായതിനാല് ചുരാചന്ദ്പൂര് ജില്ലാ പോലീസിലെ സിയാംലാല്പോളിനെതിരെ വകുപ്പുതല അന്വേഷണം ആലോചിക്കുന്നു,’ പൊലീസ് ഉത്തരവില് പറയുന്നു.
കൂടാതെ, മുന്കൂര് അനുമതിയില്ലാതെ സ്റ്റേഷന് വിട്ടുപോകരുതെന്ന് സിയാംലാല്പോളിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ശമ്പളവും അലവന്സുകളും നിയമങ്ങള് പ്രകാരം അനുവദനീയമായ ഉപജീവന അലവന്സിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില് അഞ്ച് ദിവസത്തേക്ക് സംസ്ഥാന സര്ക്കാര് ഇന്റര്നെറ്റ് വിച്ഛേദിച്ചു. പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന ചിത്രങ്ങള്, പോസ്റ്റുകള്, വീഡിയോ സന്ദേശങ്ങള് എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര് സോഷ്യല് മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മണിപ്പൂര് സര്ക്കാര് ജോയിന്റ് സെക്രട്ടറി (ആഭ്യന്തരം) നോട്ടീസ് പുറപ്പെടുവിച്ചത്.
ചുരാചന്ദ്പൂര് ജില്ലയിലെ ക്രമസമാധാന നില പരിഗണിച്ച് അഞ്ച് ദിവസത്തേക്ക് ചുരാചന്ദ്പൂര് ജില്ലയിലെ മുഴുവന് റവന്യൂ അധികാരപരിധിയില് വിപിഎന് വഴിയുള്ള മൊബൈല് ഇന്റര്നെറ്റ് / ഡാറ്റ സേവനങ്ങള്, ഇന്റര്നെറ്റ് / ഡാറ്റ സേവനങ്ങള് താല്ക്കാലികമായി നിര്ത്തിവയ്ക്കാന് / നിയന്ത്രിക്കാന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചുവെന്ന് ഉത്തരവില് പറയുന്നു.
അടുത്തിടെ ഇംഫാല് ഈസ്റ്റിനും കാങ്പോക്പിക്കും ഇടയില് രണ്ടിടത്ത് വെടിവയ്പുണ്ടായിരുന്നു. ഖമെന്ലോക്കിന് സമീപമുള്ള സതാങ് മോള്സാങ്ങിലാണ് ആദ്യ വെടിവയ്പ്പുണ്ടായത്. ഒരാള് മരിച്ചെന്നും നാല് പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ഇംഫാലിലെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ഗോവജാംഗില് നിന്ന് വെടിവെപ്പിന്റെ മറ്റൊരു സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടു. അതേസമയം ഈ സംഭവത്തെക്കുറിച്ച് കൂടുതല് വിശദാംശങ്ങള് പുറത്തുവന്നിട്ടില്ല. അതിനിടെ കാംഗ്പോപി ജില്ലയിലെ സതാങ് ഹില് റേഞ്ചില് സായുധരായ അക്രമികള് തമ്മിലുണ്ടായ വെടിവയ്പില് ഒരാള് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച മണിപ്പൂര് പോലീസ് ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. മലയോര, താഴ്വര ജില്ലകളിലെ അതിര്ത്തികളിലും ദുര്ബല പ്രദേശങ്ങളിലും സുരക്ഷാ സേന തിരച്ചില് നടത്തിയതായും പ്രസ്താവിച്ചു.
STORY HIGHLIGHTS:Stones pelted at police station in Manipur, tear gas fired at crowd; Three people were killed