കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് പാർട്ടി
ന്യൂഡൽഹി:_ _ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആദായനികുതി വകുപ്പാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും കോൺഗ്രസ് പാർട്ടി വക്താവ് അജയ് മാക്കൻ അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾ ബാക്കിനിൽക്കെ കേന്ദ്രസർക്കാർ നടത്തിയ ഈ നീക്കം ജനാധിപത്യ പ്രക്രിയക്ക് നേരെയുള്ള പ്രഹരമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. 210 കോടി രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം തടസ്സപ്പെടുത്താൻ ആസൂത്രിതമായ ശ്രമമാണെന്നും കോൺഗ്രസ് ആരോപിച്ചു.
‘ഇവിടെ ജനാധിപത്യം നിലവിലില്ല. ഏകപാർട്ടി ഭരണം പോലെ പ്രധാന പ്രതിപക്ഷ പാർട്ടിയെ സർക്കാർ കീഴ്പെടുത്തിയിരിക്കുന്നു. ജുഡീഷ്യറിയോടും മാധ്യമങ്ങളോടും ജനങ്ങളോടും ഞങ്ങൾ നീതി തേടുന്നു’ -മാക്കൻ പറഞ്ഞു.
STORY HIGHLIGHTS:Congress bank accounts frozen; The party called it a political vendetta