മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ന്യൂയോർക്കിൽ നിന്നും മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത്. വിമാന കമ്പനിയോട് വീൽ ചെയർ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് ഭാര്യയോടൊപ്പം വിമാനത്തിൽ നിന്നും എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കവേ കുഴഞ്ഞു വീഴുകയായിരുന്നു.
എന്നാൽ യാത്രക്കാർ പുറത്തിറങ്ങിയ സമയത്ത് ആവശ്യത്തിന് വീൽ ചെയർ ഉണ്ടായിരുന്നില്ലെന്നും വൃദ്ധ ദമ്പതികളോട് വീൽ ചെയറിനായി കാത്തിരിക്കാൻ പറഞ്ഞിരുന്നുവെന്നുമാണ് സംഭവത്തിൽ എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ വൈദ്യ സഹായം ഉറപ്പാക്കിയിരുന്നുവെന്നും എയർ ഇന്ത്യ കൂട്ടിച്ചേർക്കുന്നു. ദമ്പതികൾ രണ്ട് പേരും വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു.
ഏകദേശം 1.5 കിലോമീറ്റർ ദൂരമാണ് ഇവർക്ക് എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യൻ വംശജനായ അമേരിക്കൻ പൌരനായ 80കാരനാണ് മരിച്ചിരിക്കുന്നത്. ഞായറാഴ്ച ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ 116 വിമാനത്തിലാണ് ഇവർ ദില്ലിയിലെത്തിയത്.
32 പേരാണ് വിമാനത്തിൽ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നതെന്നും 15 വീൽചെയറാണ് ലഭ്യമായിരുന്നതെന്നുമാണ് എയർ ഇന്ത്യ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. ദൌർഭാഗ്യകരമായ സംഭവമെന്നാണ് എയർ ഇന്ത്യ വയോധികന്റെ മരണത്തെ നിരീക്ഷിക്കുന്നത്. വയോധികന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും എയർ ഇന്ത്യ വിശദമാക്കി. തിങ്കളാഴ്ച രാവിലെ 11.30ഓടെ ലാൻഡ് ചെയ്യേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഉച്ച കഴിഞ്ഞ് 2.10ഓടെയാണ് ദില്ലിയിലെത്തിയത്.
STORY HIGHLIGHTS:A wheelchair was not available, an elderly passenger collapsed and died at the airport.