
രാജ്യത്ത് ക്രെഡിറ്റ് കാര്ഡുകളുടെ എണ്ണം അധികം താമസിയാതെ 10 കോടി കവിയുമെന്ന് റിസര്വ് ബാങ്കിന്റെ കണക്കുകള് വ്യക്തമാക്കുന്നു.
2023 ഡിസംബര് വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാര്ഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറില് മാത്രം 19 ലക്ഷം ക്രെഡിറ്റ് കാര്ഡുകളാണ് പുതുതായി കൂട്ടിച്ചേര്ക്കപ്പെട്ടത്.
കഴിഞ്ഞ വര്ഷത്തില് മൊത്തം 1.67 കോടി ക്രെഡിറ്റ് കാര്ഡുകള് വിതരണം ചെയ്തു. 2022 ലെ 1.24 കോടിയുമായി നോക്കുമ്പോള് ഗണ്യമായ വര്ധനയുണ്ട്. 2019 ല് 5.53 കോടി കാര്ഡുകളുണ്ടായിരുന്നത് അഞ്ച് വര്ഷം പിന്നിടുമ്പോള് 77 ശതമാനത്തോളം വര്ധിച്ചു.
രാജ്യത്ത് വിതരണം ചെയ്തിട്ടുള്ള ക്രെഡിറ്റ് കാര്ഡുകളുടെ എണ്ണത്തില് മുന്നില് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2023 ഡിസംബര് വരെ 1.98 കോടി ക്രെഡിറ്റ് കാര്ഡുകളാണ് ബാങ്ക് വിതരണം ചെയ്തിട്ടുള്ളത്. നവംബറിലിത് 1.95 കോടിയായിരുന്നു.
ഈ മാസം തന്നെ ഇത് 2 കോടിയിലെത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് 1.64 കോടി കാര്ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എസ്.ബി.ഐ 1.84 കോടിയും ആക്സിസ് ബാങ്ക് 1.35 കോടിയും ക്രെഡിറ്റ് കാര്ഡുകള് പുറത്തിറക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്ഡ് വഴി കഴിഞ്ഞ മാസം ഇന്ത്യക്കാര് ചെലവഴിച്ചത് 1.65 ലക്ഷം കോടി രൂപയാണ്. നവംബറിലെ 1.61 ലക്ഷം കോടിയില് നിന്ന് നേരിയ വര്ധനയുണ്ട്.
STORY HIGHLIGHTS:The number of credit cards in the country will exceed 10 crore, RBI says.