ന്യൂഡല്ഹി:ഇന്ത്യയിലെ 25 ശതമാനം കൗമാരക്കാര്ക്ക് രണ്ടാം ക്ലാസ് പാഠ പുസ്തകം പോലും നേരെചൊവ്വേ മാതൃഭാഷയില് വായിക്കാന് അറിയില്ലെന്ന് റിപ്പോര്ട്ട്. ഇംഗ്ലീഷിന്റെ കാര്യം വരുമ്പോള് 42 ശതമാനം കുട്ടികള്ക്ക് ചെറിയ വാചകം പോലും കൂട്ടിവായിക്കാന് അറിയില്ലെന്നും ആന്യുവല് സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന് റിപ്പോര്ട്ടില് പറയുന്നു.
ഇന്ത്യയിലെ 14 മുതല് 18 വയസ് വരെയുള്ള കുട്ടികളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്ട്ട്. ഇംഗ്ലീഷ് വായിക്കാന് അറിയുന്ന കുട്ടികള് 57.3 ശതമാനം മാത്രമാണ്. ഇതില് മൂന്നില് ഒരു കുട്ടിക്ക് മാത്രമാണ് ഇംഗ്ലീഷ് വാചകം വായിച്ച് അര്ത്ഥം പറഞ്ഞുതരാന് അറിയുകയുള്ളൂവെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
കണക്കിന്റെ കാര്യത്തിലും റിപ്പോര്ട്ട് പ്രതീക്ഷ നല്കുന്നില്ല. 43.3 ശതമാനം കുട്ടികള്ക്ക് മാത്രമാണ് കണക്ക് ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള കഴിവുള്ളൂ. മൂന്നക്ക നമ്പറിനെ ഒറ്റക്ക നമ്പര് കൊണ്ട് ഹരിക്കാന് പോലും പകുതിയിലധികം കുട്ടികള്ക്ക് അറിയില്ല. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുമ്പോള് തന്നെ പൊതുവേ കുട്ടികള് ഇതില് പ്രാവീണ്യം നേടാറുണ്ടെന്നാണ് കണക്കുകൂട്ടല്. എന്നാല് 2017 സര്വേയെ അപേക്ഷിച്ച് മെച്ചമുണ്ട്. അന്നത്തെ സര്വേയില് 39.5 ശതമാനം കുട്ടികള്ക്ക് മാത്രമാണ് ഇതിനുള്ള കഴിവ് ഉണ്ടായിരുന്നത്. 34,745 കൗമാരക്കാരിലാണ് പഠനം നടത്തിയത്.
പ്രതികരിച്ചവരില് 86.8% പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളില് ചേര്ന്ന് പഠിച്ചിട്ടുണ്ട്. 18 വയസ് തികഞ്ഞവരില് 32.6 ശതമാനം പേര് ഇപ്പോള് പഠിക്കുന്നില്ല.എന്നാല് 14 വയസുള്ള കുട്ടികളില് 3.9 ശതമാനം പേര് മാത്രമാണ് ഇത്തരത്തില് സ്കൂള് പഠനം ഉപേക്ഷിച്ചത്. 89 ശതമാനം കുട്ടികളുടെ വീടുകളിലും സ്മാര്ട്ട്ഫോണ് ഉണ്ട്. ഇതില് 94.7% ആണ്കുട്ടികള്ക്കും 89.8% പെണ്കുട്ടികള്ക്കും സ്മാര്ട്ട്ഫോണ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയാമെന്നും സര്വേ വ്യക്തമാക്കുന്നു. എന്നാല് 19.8% പെണ്കുട്ടികള്ക്കും 43.7% ആണ്കുട്ടികള്ക്കും മാത്രമാണ് സ്വന്തമായി സ്മാര്ട്ട്ഫോണ് ഉള്ളത്.
പത്താം ക്ലാസിന് ശേഷം വിദ്യാര്ഥികള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ട്രീം ഹ്യുമാനിറ്റീസ് ആണെന്നും സര്വേ പറയുന്നു. സര്വേയില് പങ്കെടുത്ത 11, 12 ക്ലാസുകളില് 55% പേര് ഹ്യുമാനിറ്റീസും 31% പേര് സയന്സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സും 9% പേര് കൊമേഴ്സും തെരഞ്ഞെടുത്തവരാണെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
STORY HIGHLIGHTS:According to a report, 25 percent of teenagers in India cannot read even a second grade text book in their mother tongue.