മുംബൈ: ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് (55) അന്തരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രോസ്റ്റേറ്റ് ക്യാന്സര് ബാധിച്ച് ആശുപത്രിയില് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:45 ഓടെ അദ്ദേഹം മരിച്ചു. ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.
തുടക്കത്തില് മരുന്നുകളോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ മാസമാണ് സെറിബ്രല് അറ്റാക്കിനെത്തുടര്ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. ടാറ്റ മെമ്മോറിയല് കാന്സര് ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്ട്ടുകള്. വളരെ പെട്ടെന്നാണ് ആരോഗ്യനില മോശമായതെന്നും അടുത്ത വൃത്തങ്ങള് പറയുന്നു. റാഷിദ് ഖാന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.
രാംപൂര് സഹസ്വാന് ഘരാനയിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു റാഷിദ് ഖാന്. ഉത്തര്പ്രദേശിലെ ബദായൂമില് ജനിച്ച റാഷിദ് ഖാന് ഉസ്താദ് നിസാര് ഹുസൈന് ഖാനില് നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള് പഠിച്ചത്. രാംപുർ സഹസ്വാൻ ഘരാനയുടെ ഉപജ്ഞാതാവായ ഉസ്താദ് ഇനായത്ത് ഹുസൈൻ ഖാന്റെ കൊച്ചുമകനായ അദ്ദേഹം ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ അനന്തരവന് കൂടിയാണ്.
ഗുലാം മുസ്തഫ ഖാനാണ് അദ്ദേഹത്തിന്റെ സംഗീത കഴിവുകള് ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് നിസാര് ഹുസൈന് ഖാനിന്റെ ശിക്ഷണം തേടുകയായിരുന്നു.
STORY HIGHLIGHTS:Farewell to the classical singer; Hindustani musician Ustad Rashid Khan passes away