ഡിസംബറില്‍ ഇന്ത്യയില്‍ യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യം അഞ്ച് ശതമാനം വര്‍ദ്ധിച്ച് 18.23 ലക്ഷം കോടി രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഇക്കാലയളവില്‍ മൊത്തം ഇടപാടുകള്‍ ഏഴ് ശതമാനം ഉയര്‍ന്ന് 1002 കോടിയായി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഡിസംബറില്‍ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേയ്സ് ഇടപാടുകളുടെ മൂല്യം ഇതാദ്യമായി പതിനെട്ട് ലക്ഷം കോടി രൂപയിലെത്തി. ഗൂഗിള്‍ പേ, പേയ്ടി. എം, ഫോണ്‍ പേ എന്നിവയുടെ വരവോടെ വന്‍കിട നഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ ചെറുക്കച്ചവടക്കാര്‍ വരെ യു.പി.ഐ വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. നിലവില്‍ മുപ്പത് കോടിയിലധികം ഉപഭോക്താക്കളാണ് യു. പി. ഐ സംവിധാനം ഉപയോഗിക്കുന്നത്. യു. പി. ഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അന്‍പത് കോടിക്ക് മുകളിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അതിവേഗം പണമയക്കാനുള്ള സംവിധാനവും ഒരുങ്ങുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിദിന യു. പി. ഐ ഇടപാടുകളുടെ എണ്ണം നൂറു കോടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, മൊബൈല്‍ ബാങ്കിംഗ് എന്നിവ കൂടി കണക്കിലെടുത്താല്‍ രാജ്യത്തെ മൊത്തം ധനകാര്യ ഇടപാടുകളില്‍ അന്‍പത് ശതമാനത്തിലധികം ഡിജിറ്റലായി മാറിയെന്ന് വിദഗ്ധര്‍ പറയുന്നു.
STORY HIGHLIGHTS:In India, the value of transactions using the UPI system has increased by five percent.