
എം എൽ എയായി തുടരാം; നജീബ് കാന്തപുരത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി
പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം.
നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
STORY HIGHLIGHTS:Can continue as MLA; The High Court rejected the petition against Najeeb Kanthapuram