എയര്‍ടെല്‍ കണ്ടെത്തിയത് 800 കോടി സ്പാം കോളുകള്‍
ഡൽഹി:രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്റെ എഐ സ്പാം തിരിച്ചറിയല്‍ സംവിധാനം വന്‍ വിജയമെന്ന് കമ്ബനി.
അവതരിപ്പിച്ച് രണ്ടര മാസത്തിനിടെ 800 കോടി സ്പാം കോളുകളും 80 കോടി സ്പാം എസ്എംഎസുകളും കണ്ടെത്താന്‍ ഈ സംവിധാനത്തിനായി എന്ന് എയര്‍ടെല്‍ പറയുന്നു. ദിവസവും 10 ലക്ഷം തനതായ സ്പാമര്‍മാരേയും എയര്‍ടെല്ലിന്റെ എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനം തിരിച്ചറിഞ്ഞു.
പ്രവൃത്തിദിവസങ്ങളേക്കാള്‍ 40 ശതമാനം കുറവ് സ്പാം കോളുകളാണ് വാരാന്ത്യങ്ങളില്‍ ലഭിക്കുന്നത്. സ്പാം നമ്ബരുകളില്‍ നിന്നും കോളുകള്‍ വരുമ്ബോള്‍ അത് അറ്റന്‍ഡ് ചെയ്യുന്നതില്‍ 12 ശതമാനം കുറവ് വന്നിട്ടുണ്ട്.
ഭാരതി എയര്‍ടെല്ലിന്റെ 92 ശതമാനം ഉപഭോക്താക്കളും ഒരിക്കലെങ്കിലും കമ്ബനി ഫോണുകളില്‍ നല്കുന്ന തത്സമയ സ്പാം മുന്നറിയിപ്പുകള്‍ കണ്ടിട്ടുള്ളവരാണ്. 36 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ സ്പാം കോളുകളും എസ്എംഎസുകളും ലഭിക്കുന്നത് എന്നും എയര്‍ടെല്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
സ്പാം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് പുരുഷന്മാര്ക്കാണെന്ന് എയര്‍ടെല്ലിന്റെ ഡാറ്റ കാണിക്കുന്നു. സ്പാം ലഭിക്കുന്നതില്‍ 71 ശതമാനം പേര് പുരുഷന്മാരാണ്.
സ്ത്രീകള്‍ 21 ശതമാനം മാത്രമാണ്. സ്പാം കോളുകളും മെസേജുകളും ലഭിക്കുന്നതില്‍ 45 ശതമാനവും 10,000 രൂപ വരെ വിലയുള്ള ബജറ്റ് ഫോണുകളിലാണ്.
ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണുകളില്‍ 20 ശതമാനം സ്പാമുകള്‍ ലഭിക്കുമ്ബോള്‍ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വിലവരുന്ന മിഡ്-റേഞ്ച് ഫോണുകളിലേക്ക് 35 ശതമാനം സ്പാമുകള്‍ ലഭിച്ചതായും എയര്‍ടെല്‍ വിശദീകരിക്കുന്നു.
35% സ്പാമര്‍മാരും ലാന്‍ഡ്ലൈനുകളാണ് സ്പാമിങ്ങിനായി ഉപയോഗിക്കുന്നത് എന്ന നിരീക്ഷവും എയര്‍ടെല്‍ പങ്കുവെക്കുന്നു.
ഡല്‍ഹി, മുംബൈ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മൊബൈലില്‍ നിന്നുള്ള സ്പാം കോളുകളുടെ കണക്കില്‍ വളരെ മുന്നിലാണെന്ന് ഭാരതി എയര്‍ടെല്ലിന്റെ എഐ അധിഷ്ഠിത സ്പാം കണ്ടെത്തല്‍ സംവിധാനത്തിലെ ഡാറ്റകള്‍ സൂചിപ്പിക്കുന്നു.
STORY HIGHLIGHTS:Airtel detects 8 billion spam calls