ദുബൈ:ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യുഎഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്.
100 മില്ല്യണ്‍ ദിർഹമാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഡിസംബർ 14ന് ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കും. ഇക്കൊല്ലം ജൂലായിലാണ് അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം എല്‍എല്‍സി എന്ന ലോട്ടറി ഓപ്പറേറ്റർ ലോട്ടറിയ്ക്കുള്ള ലൈസൻസ് സ്വന്തമാക്കിയത്.
യുഎഇ ലോട്ടറിയുടെ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. ഏതാണ്ട് 230 കോടി രൂപയുടെ ബമ്ബർ സമ്മാനം കൂടാതെ ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം (ഏതാണ്ട് 23 ലക്ഷം രൂപ) വീതം സമ്മാനം ലഭിക്കും. ഒരു മില്ല്യണ്‍ ദിർഹം (ഏതാണ്ട് 2.3 കോടി രൂപ) സമ്മാനം ലഭിക്കുന്ന സ്ക്രാച്ച് കാർഡുകളും വാങ്ങാം.
യുഎഇയില്‍ 18 വയസിന് മുകളിലുള്ളവർക്കാണ് ലോട്ടറി വാങ്ങാൻ അനുവാദമുള്ളത്. “ഉത്തരവാദിത്തമുള്ള ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആവേശകരമായ അനുഭവമൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സർക്കാരിൻ്റേതായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ട്. എല്ലാ പ്രവർത്തനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ളതാവാൻ ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. നറുക്കെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്തും.”- ദി ഗെയിം എല്‍എല്‍സിയുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ബിഷപ് വൂസ്ലി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
യുഎഇ ലോട്ടറിയ്ക്ക് കീഴിലാവും ദി ഗെയിം പ്രവർത്തിക്കുക. നിലവില്‍ അബുദാബി ബിഗ് ടിക്കറ്റ്, മില്ലേനിയം മില്ല്യണയേഴ്സ് എന്നീ ലോട്ടറികളാണ് യുഎഇയില്‍ ഉള്ളത്. ഈ ലോട്ടറികളുടെയൊക്കെ ഒന്നാം സമ്മാനം പലപ്പോഴും ഇന്ത്യക്കാർക്കാണ് ലഭിക്കാറ്. മെഹ്സൂസ്, എമിറേറ്റ്സ് ഡ്രോ തുടങ്ങിയ ലോട്ടറികള്‍ രാജ്യത്ത് നിരോധിച്ചിരുന്നു.
STORY HIGHLIGHTS:UAE launches first official lottery; first prize is Rs 230 crore