
സൗദി: സഊദി അറേബ്യയിലെ രാജകുടുംബമായ അല് സഊദ് കുടുംബത്തിന് നോവായ ഓര്മകളിലൊന്നാണ്, അല്വലീദ് ബിന് ഖാലിദ് രാജകുമാരന്റെ കിടപ്പ്.
ഉറങ്ങുന്ന രാജകുമാരന്’ എന്നറിയപ്പെടുന്ന അല്വലീദ് ബിന് ഖാലിദ് കോമ അവസ്ഥയിലായിട്ട് 20 വര്ഷമായി. അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന് 36 വയസ്സ് തികയുകയുംചെയ്തു.

ലണ്ടനിലെ സൈനിക കോളജില് പഠിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടമാണ് പഠനത്തില് മിടുക്കനായിരുന്ന അല്വലീദ് ബിന് ഖാലിദിന്റെ ജീവതത്തിന്റെ താളംതെറ്റിച്ചത്. തലച്ചോറില് രക്തസ്രാവമുണ്ടായതിനെത്തുടര്ന്ന് 2005 മുതല് അദ്ദേഹം കോമയിലാണ്. അതിനുശേഷം അദ്ദേഹം വെന്റിലേറ്ററിലും മെഡിക്കല് പരിചരണത്തിലുമായി തുടരുന്നു. കഴിഞ്ഞദിവസം സോഷ്യല്മീഡിയകളില് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന നിരവധി പോസ്റ്റുകള് ആണ് സഊദി രാജകുടുംബങ്ങളില് ഉള്ളവര് പങ്കുവച്ചത്. പ്രാര്ത്ഥനകളും പിന്തുണാ സന്ദേശങ്ങളും നിറഞ്ഞതായിരുന്നു മിക്ക കുറിപ്പുകളും.

രാജകുമാരന്റെ കുട്ടിക്കാലം മുതല് അടുത്ത കാലം വരെയുള്ള ഫോട്ടോകള് റിമ ബിന്ത് തലാല് രാജകുമാരി പങ്കുവെച്ചു. ‘എന്റെ പ്രിയപ്പെട്ട അല്വലീദ് ബിന് ഖാലിദ്, ഞങ്ങളുടെ പ്രാര്ത്ഥനകളിലൂടെ ഞങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിലും നിങ്ങള് എപ്പോഴും സന്നിഹിതനാണ്.

അല്ലാഹുവേ, നിങ്ങളുടെ ദാസനായ അല്വലീദിനെ സുഖപ്പെടുത്തണമേ. കാരണം ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ നീയല്ലാതെ മറ്റാര്ക്കും അദ്ദേഹത്തിന്റെ ബലഹീനത അറിയില്ല.- രാജകുമാരി കുറിച്ചു.
അല്വലീദിന്റെ ചികിത്സയ്ക്കായി സഊദി രാജകുടുംബം ലോകത്തെ പ്രമുഖ ഡോക്ടര്മാരെയെല്ലാം സമീപിച്ചതാണ്. മൂന്ന് അമേരിക്കക്കാരും ഒരു സ്പാനിഷ് സ്പെഷ്യലിസ്റ്റും ഉള്പ്പെടെയുള്ള മെഡിക്കല് ബോര്ഡ് രൂപീരിച്ച് ചികിത്സ നടത്തിയെങ്കിലും രാജകുമാരന് ഒരിക്കലും ബോധം വീണ്ടെടുക്കാനായില്ല. എങ്കിലും ഒരിക്കലും പ്രതീക്ഷ കൈവിടാതെ പിതാവ് ഖാലിദ് ബിന് തലാല് അടുത്ത് പരിചരിക്കുന്നത് തുടരുന്നുണ്ട്.

‘അപകടത്തില് മരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നെങ്കില്, അദ്ദേഹം ഇപ്പോള് ഖബറില് ആയിരിക്കുമായിരുന്നു. ഇത്രയും വര്ഷമായി അദ്ദേഹത്തിന്റെ ആത്മാവിനെ സംരക്ഷിച്ചവന് അദ്ദേഹത്തെ സുഖപ്പെടുത്താനും ആരോഗ്യം പുനഃസ്ഥാപിക്കാനും കഴിയും.- ഖാലിദ് ബിന് തലാല് പറഞ്ഞു.
2019ല് വിരല് ഉയര്ത്തല്, തലയുടെ നേരിയ ചലനങ്ങള് തുടങ്ങിയ ചെറിയ അനക്കത്തിന്റെ ലക്ഷണങ്ങള് മാത്രമേ ഉണ്ടായപ്പോള് പ്രതീക്ഷ കൂടിയെങ്കിലും പക്ഷേ അവ ബോധം തിരിച്ചുവരുന്നതിലേക്കുള്ള സൂചനയായിരുന്നില്ല.

നിലവില് റിയാദിലെ കിംഗ് അബ്ദുല് അസീസ് മെഡിക്കല് സിറ്റിയിലെ പ്രത്യേക മെഡിക്കല് സംഘത്തിന്റെ പരിചരണത്തിലാണ് അല്വലീദ് ബിന് ഖാലിദ് കഴിയുന്നത്. ഇവിടെ പരിചണത്തിനായി നഴ്സുമാരടങ്ങുന്ന സമിതിയുണ്ട്. ഇത്രയും നീണ്ട കോമയ്ക്ക് ശേഷം സുഖം പ്രാപിക്കുന്നത് സാധ്യതയില്ലെന്ന് വിദഗ്ധര് അറിയിച്ചിട്ടുണ്ടെങ്കിലും ഭാവിയിലെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങള് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അല് സഊദ് രാജകുടുബം.
സഊദിയിലെ ഏറ്റവും സമ്ബന്നരില് ഒരാളായ അല് വലീദ് ബിന് തലാല് രാജകുമാരന്റെ ബന്ധുവാണ് അല്വലീദ് ബിന് ഖാലിദ്. ടൈം മാഗസിന്റെ സ്വാധീനം ചെലുത്തിയ 100 പ്രശസ്തരുടെ പട്ടികയിലും ഇദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്.

STORY HIGHLIGHTS:The ‘Sleeping Prince’ turns 36