NewsWorld

ചൈനയിൽ പുതിയ വൈറസ് അതിവേഗം പടരുന്നതായുള്ള റിപ്പോർട്ടുകൾ

കോവിഡ്  മഹാമാരി സൃഷ്ടിച്ച വലിയ ആഘാതത്തില്‍നിന്ന് ലോകം പതിയെ കരകയറി വരുന്നതേയുള്ളൂ. ഇപ്പോഴിതാ കോവിഡ് വ്യാപനത്തിന് അഞ്ച് വർഷം പിന്നിടുമ്ബോള്‍ ചൈനയില്‍ മറ്റൊരു വൈറസ് അതിവേഗം പടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും രാജ്യത്തെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്‌.എം.പി.വി.) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.

നിറഞ്ഞുകവിഞ്ഞ ആശുപത്രികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ചൈനീസ് സർക്കാരോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളിലാണ് എച്ച്‌.എം.പി.വി. കേസുകള്‍ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോർട്ട് ചെയ്യുന്നതെന്നും വൈറസ് ബാധിച്ച്‌ നിരവധി മരണങ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആശുപത്രികളില്‍ മാസ്ക് ധരിച്ച്‌ ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

എന്താണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ്?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.

സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂർച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദർഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

പടരുന്നതെങ്ങനെ, ചികിത്സ എന്ത്?

രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവർ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പർശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകർച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പർശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുന്നതും രോഗബാധയുണ്ടാക്കാം. എച്ച്‌എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. ഇത് ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും പ്രചരിക്കുന്നു.

കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാർഗങ്ങള്‍. നിലവില്‍ ഹ്യൂമൻ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമാണ് ചെയ്യാൻ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ഗുരുതര കേസുകളില്‍ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.

STORY HIGHLIGHTS:Reports are emerging that a new virus is spreading rapidly in China.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker