കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എലോണ്‍ മസ്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് രംഗത്ത്.

കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എലോണ്‍ മസ്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് രംഗത്ത്.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്‍റെ ഉള്‍പ്പെടെ 2,355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടുവെന്നാണ് എക്സിന്‍റെ ആരോപണം. 2025 ജൂലൈ 3 ന് ഇന്റർനെറ്റ് നിയന്ത്രണ നിയമമായ ഐ ടി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം ഇന്ത്യൻ സർക്കാരില്‍ നിന്ന് നിർദേശം ലഭിച്ചതായി എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് അക്കൗണ്ട് വെളിപ്പെടുത്തി.

ഒരു മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നും വിശദീകരണമില്ലാതെ അക്കൗണ്ടുകള്‍ തടയണമെന്നും ഇലക്‌ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും എക്സ് വ്യക്തമാക്കി. എന്നാല്‍, ഈ ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചു, ജൂലൈ 3 ന് പുതിയ ബ്ലോക്കിംഗ് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിട്ടില്ലെന്നും ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്രം വ്യക്തമാക്കി.

റോയിട്ടേഴ്‌സിന്റെ @Reuters, @ReutersWorld എന്നീ എക്സ് അക്കൗണ്ടുകളാണ് ഇന്ത്യയില്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടത്. ‘നിയമപരമായ നടപടി’ എന്ന സന്ദേശത്തോടെയാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ വിമർശനം ശക്തമായതിന് പിന്നാലെ ജൂലൈ 6 ന് രാത്രി 9 മണിക്ക് ശേഷം ഈ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കപ്പെട്ടു.

അതേസമയം എക്സിന്‍റെ ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തി. റോയിട്ടേഴ്സിന്റെ അക്കൗണ്ടുകള്‍ ബ്ലോക്കായത് ശ്രദ്ധയില്‍പെട്ടയുടൻ തന്നെ അണ്‍ബ്ലോക്ക് ചെയ്യാൻ എക്സിന് നിർദേശം നല്‍കിയതായി ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ വക്താവ് വ്യക്തമാക്കി. ജൂലൈ മൂന്നിന് കേന്ദ്ര സർക്കാർ, എക്സിനോട് അക്കൗണ്ടുകളൊന്നും ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിശദീകരണം. എന്നാല്‍ 21 മണിക്കൂറിന് ശേഷമാണ് ഏക്സ് വിലക്ക് മാറ്റിയതെന്നും കേന്ദ്രം വിവരിച്ചു.

STORY HIGHLIGHTS:Elon Musk’s social media platform X has come forward with serious allegations against the central government.
On July 3, 2025, the Indian government ordered X to block 2,355 accounts in India, including international news outlets like @Reuters and @ReutersWorld, under Section 69A of the IT Act. Non-compliance risked criminal liability. The Ministry of Electronics and Information…
— Global Government Affairs (@GlobalAffairs) July 8, 2025