
അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ വിശദാംശങ്ങൾ സെൻട്രൽ ബാങ്ക് കൈമാറി.

അൽഐനിൽ നിന്നുള്ള 1700 സ്വദേശികൾക്കാണ് ഈ വർഷവും അടുത്ത വർഷവുമായി നിയമനം നൽകുക. ഇൻഷുറൻസ് സൂപ്പർവൈസറി കമ്മിഷനുമായി സഹകരിച്ചാണ് സ്വദേശിവൽക്കരണം പൂർത്തിയാക്കുകയെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.


നിയമനത്തിനു മുന്നോടിയായി ബാങ്കിങ് മേഖലയിലെ സ്ഥാപനങ്ങളുടെ ഹ്യുമൻ റിസോഴ്സ് ഡിപ്പാർട്മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ പൂർത്തിയായി. എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസുമായി സഹകരിച്ച് നിയമനത്തിനുള്ള ഓപ്പൺ ഹൗസും സംഘടിപ്പിച്ചു. ആവശ്യമായ തൊഴിൽ പരിശീലനം നൽകിയ ശേഷമാണ് ധനവിനിമയ സ്ഥാപനങ്ങളിലേക്കുള്ള നിയമനം.

മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ ബാങ്കിങ് രംഗത്തെ സ്ഥാപനങ്ങൾ 152.9 ശതമാനം സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തീകരിച്ചതായി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 20.2 ശതമാനം വർധനയാണ് കഴിഞ്ഞ വർഷം ഉണ്ടായത്.

STORY HIGHLIGHTS:UAE moves towards indigenization in banking sector

