
സൗദി:സൗദി അറേബ്യയില്‍ 116 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് ഒടുവില്‍ മോചനം.
കഴിഞ്ഞ അഞ്ച് മാസമായി സൗദി ജയിലില്‍ കഴിയുകയായിരുന്ന ഹൈദരാബാദ് സ്വദേശി ലിയാഖത്തലിയാണ് നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജയില്‍ മോചിതനായത്.

നാല് പതിറ്റാണ്ടിലധികം റിയാദില്‍ പ്രവാസിയായിരുന്ന ലിയാഖത്തലി പ്രവാസം മതിയാക്കി നാട്ടില്‍ തിരിച്ചുപോയിരുന്നു. എന്നാല്‍ വീണ്ടും സന്ദർശന വിസയില്‍ ഭാര്യയുമൊത്ത് റിയാദില്‍ ജോലി ചെയ്യുന്ന മരുമകന്റെ അടുത്തെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് ബിയാഖത്തലിയെ അധികൃതർ പിടികൂടിയത്.
അറസ്റ്റ് ചെയ്തതിന്റെ കാരണം എന്താണെന്ന് അപ്പോഴും ലിയാഖത്തലിക്ക് മനസ്സിലായിരുന്നില്ല. പിന്നീടാണ് 116 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പഴയ സ്പോണ്‍സറുടെ മകൻ നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് മനസ്സിലായത്.


റിയാദിലെ പ്രമുഖ ബിസിനസ്സുകാരന്റെ സഹായിയായി ദീർഘകാലം ജോലി ചെയ്ത ലിയാഖത്തലി അഞ്ച് വർഷം മുൻപാണ് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ പഴയ സ്പോണ്‍സർ പത്തു മാസം മുൻപ് മരണപ്പെടുകയും ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങള്‍ക്കായി സ്പോണ്‍സർ അനുവദിച്ചിരുന്ന തുക പിൻവലിക്കാൻ ബാങ്കിലും മറ്റുമായി പോയിരുന്നത് ലിയാഖത്തലിയായിരുന്നു. പലപ്പോഴായി പിൻവലിച്ച തുകയുടെ വിവരങ്ങള്‍ അടക്കമാണ് സ്പോണ്‍സറുടെ മകൻ ലിയാഖത്തലിക്കെതിരെ പരാതി നല്‍കിയിരുന്നത്..


42 വർഷത്തോളം ബിസിനസുകാരന്റെ കീഴില്‍ സഹായിയായി ജോലി ചെയ്തിരുന്ന ലിയാഖത്തലി ശാരീരിക അവശതകളെ തുടർന്ന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകുന്നതിന് മുൻപ് സ്പോണ്‍സർ നല്‍കിയ ക്ലിയറൻസ് പേപ്പറാണ് കോടതിയില്‍ തുണയായത്. കാൻസർ ബാധിതനായ ലിയാഖത്തലിയുടെ മെഡിക്കല്‍ റിപ്പോർട്ടുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഒരു മാസത്തിനുള്ളില്‍ കേസില്‍ വിധി വരുകയും ലിയാഖത്തലി ജയില്‍ മോചിതനാകുകയും ചെയ്തിരുന്നു. എന്നാല്‍ എതിർ കക്ഷി വീണ്ടും അപ്പീല്‍ നല്‍കുകയും അപ്പീല്‍ കോടതി തള്ളുകയുമായിരുന്നു. ഇതിനിടെ ഉംറ നിർവഹിക്കാനായി ഇദ്ദേഹത്തോടൊപ്പം എത്തിയ ഭാര്യ നാട്ടിലേക്ക് മടങ്ങുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു. ജയില്‍ മോചിതനായ ശേഷമാണ് ലിയാഖത്തലി ഭാര്യയുടെ വിയോഗ വാർത്ത അറിയുന്നത്.

ലിയാഖത്തലിയുടെ ജയില്‍ മോചനം സാധ്യമായത് ഇന്ത്യൻ എംബസ്സിയുടെയും സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെയും ഇടപെടലിലൂടെയാണ്. അഭിഭാഷകരായ റനാ അല്‍ ദഹ്ബാൻ, ഉസാമ അല്‍ അമ്ബർ എന്നിവരാണ് കോടതിയില്‍ ഹാജരായത്. ഏറെ ആഗ്രഹിച്ചിട്ടും കേസ് സംബന്ധിച്ച ഭയവും ഭാര്യയുടെ വിയോഗവും മൂലം ഉംറ നിർവ്വഹിക്കാതെയാണ് ലിയാഖത്തലി നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.

STORY HIGHLIGHTS:An Indian man who was in jail for allegedly defrauding Rs 116 crore has finally been released.