
എറണാകുളം:ഏഴു വർഷം മുമ്ബ് അധ്യാപകനെതിരെ നല്‍കിയ പീഡന പരാതി വ്യാജമായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തു.

ഇതോടെ അധ്യാപകന്റെ ഏഴുവർഷത്തെ ദുരിതജീവിതത്തിനാണ് അറുതിയായിരിക്കുന്നത്. ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ യുവതി പിൻവലിച്ചത്.
കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തുകയായിരുന്നു ജോമോൻ. 2017ലാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനി ജോമോനെതിരെ പീഡന പരാതി നല്‍കുന്നത്. പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന് പിന്നാലെ ജോമോന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.

വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. താൻ ആത്മഹത്യയ്ക്കുപോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു.

ഇതിനിടെ പരാതി നല്‍കിയ വിദ്യാർത്ഥിനി വിവാഹമൊക്കെ കഴിച്ച് ജീവിതം ആരംഭിച്ചിരുന്നു. ഈയിടെയാണു പരാതിക്കാരി ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്നു ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയില്‍ പീഡന പരാതി നല്‍കിയതാണെന്നും സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയില്‍ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു.


STORY HIGHLIGHTS:The young woman revealed that the harassment complaint she filed against her teacher seven years ago was false.