NewsWorld

‘ഗാസയിലെ ആക്രമണം രാജ്യത്തിനുവേണ്ടിയോ? രാഷ്ട്രീയ ഭാവിക്കോ?’; ഇസ്രയേലില്‍ വൻ പ്രതിഷേധം

ഗാസയില്‍ പാലസ്തീനികള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വൻ ജനകീയ പ്രതിഷേധം.

ജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാർലമെന്റായ ക്നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിനെത്തിയത്. ‘ഇസ്രയേലിന്റെ ഭാവിക്കുവേണ്ടിയോ നിങ്ങളുടെ സഖ്യസർക്കാരിന്റെ ഭാവിക്കുവേണ്ടിയോ ഈ യുദ്ധം’ എന്നുള്‍പ്പെടെയുള്ള ബാനറുകളുമേന്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് ക്നെസറ്റിന് പുറത്ത് പ്രതിഷേധിച്ചത്. രണ്ടുമാസത്തിനുശേഷം വെടിനിർത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച്‌ ഗാസയ്ക്കെതിരായ യുദ്ധം പുനരാരംഭിച്ചതിന് പുറമെ ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാസേനയായ ഷിൻ ബെത്തിന്റെ മേധാവിയായ റോണർ ബാറിനെ പുറത്താക്കാനുള്ള തീരുമാനവും നെതന്യാഹുവിനെതിരായ ജനരോഷം ആളിക്കത്തിച്ചു.

പാർലമെന്റിന് പുറത്തുള്ള പ്രതിഷേധറാലിക്ക് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജെറുസലേമിലെ സ്വകാര്യവസതിയിലേക്കും പ്രതിഷേധക്കാർ മാർച്ച്‌ നടത്തി. നെതന്യാഹുവിന്റേത് നശീകരണ സർക്കാരാണെന്ന ബാനറും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു. ‘എന്താണ് അയാള്‍ (നെതന്യാഹു) ഇപ്പോഴും അവിടെയിരിക്കുന്നത്? എന്താണ് അവരെല്ലാവരും (ഹമാസ് ബന്ദികളാക്കിയവർ) ഇപ്പോഴും അവിടെ തുടരുന്നത്?’ എന്നീ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിക്കേട്ടത്.

തനിക്കെതിരായ അഴിമതിക്കേസിന്റെ വിചാരണയും വരാനിരിക്കുന്ന ബജറ്റ് വോട്ടിനുമിടയില്‍പെട്ട് ആടിയുലഞ്ഞ സഖ്യസർക്കാരിനെ ഉറപ്പിച്ചുനിർത്താനുള്ള മാർഗമായാണ് നെതന്യാഹു ഗാസയ്ക്കുമേലുള്ള യുദ്ധം പുനരാരംഭിച്ചത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ 18 മാസത്തെ കനത്ത ആക്രമണങ്ങള്‍ക്കുശേഷം വീണ്ടും ആക്രമണം ആരംഭിച്ചത് ഇസ്രയേലിലെ ജനങ്ങളെ രോഷാകുലരാക്കിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു അഴിമതിക്കേസിലെ നെതന്യാഹുവിന്റെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഗാസയിലെ ആക്രമണം പുനരാരംഭിച്ചതോടെ വിചാരണ മാറ്റിവെക്കുകയായിരുന്നു. വിചാരണ ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഗാസയില്‍ ആക്രമണം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

അധികാരത്തില്‍ കടിച്ചുതൂങ്ങാനായാണ് നെതന്യാഹു ഗാസയില്‍ യുദ്ധം നടത്തുന്നതെന്ന് മൂവ്മെന്റ് ഫോർ ക്വാളിറ്റി ഗവണ്‍മെന്റ് ഇൻ ഇസ്രയേല്‍ എന്ന സംഘടനയുടെ ചെയർപേഴ്സണും നിയമവിദഗ്ധനുമായ ഏലിയാസ് ഷ്രാഗ പറഞ്ഞു. ‘നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയാണ് നെതന്യാഹുവിന്റെ ഉദ്ദേശം. ഭരണത്തിന്റെ അട്ടിമറിയും രക്തരൂഷിതമായ യുദ്ധവും നമ്മള്‍ കാണാൻ കാരണം അത് മാത്രമാണ്. ഇത് അപകടകരമാണ്. ബന്ദികളുടെ ജീവൻ അയാള്‍ക്കൊരു വിഷയമല്ല എന്നാണ് ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ചതിലൂടെ വ്യക്തമാകുന്നത്. വെടിനിർത്തല്‍ കരാർ പ്രകാരം അവരെല്ലാം മോചിതരാകേണ്ടതായിരുന്നു.’ -ഏലിയാസ് ഷ്രാഗ യുഎസ് മാധ്യമമായ സിഎൻഎന്നിനോട് പറഞ്ഞു.

STORY HIGHLIGHTS:’Is the attack on Gaza for the country? For the political future?’; Massive protests in Israel

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker