
ഷാർജ:ഭിക്ഷാടനത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ തുറന്നുകാട്ടുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഷാര്‍ജ പൊലിസ്.
ഷാര്‍ജ പൊലിസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യാചകനായി വേഷമിട്ട ഒരാള്‍ വഴിയാത്രക്കാരോട് ഒരു മണിക്കൂര്‍ മാത്രം പണം ചോദിക്കുന്ന ഒരു സാമൂഹിക പരീക്ഷണാര്‍ത്ഥം എടുത്ത വീഡിയോ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വീഡിയോയില്‍ കാണിക്കുന്ന ഒരു മണിക്കൂര്‍ കൊണ്ട് ഉണ്ടാക്കിയത് 367 ദിര്‍ഹമാണ്. അതായത് 8600ലേറെ രൂപ.

‘ഭിക്ഷാടനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു സത്യം ഞങ്ങള്‍ കണ്ടെത്തി. ഒരു യാചകന് ഒരു മണിക്കൂറിനുള്ളില്‍ എത്ര പണം ശേഖരിക്കാന്‍ കഴിയുമെന്നാണ് നിങ്ങള്‍ കരുതുന്നത്? നമുക്ക് ഒരുമിച്ച് കണ്ടെത്താം.’ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
റമദാനില്‍ ആളുകളുടെ കാരുണ്യത്തെ ചൂഷണം ചെയ്യുന്നത് പരീക്ഷണത്തിലൂടെ എങ്ങനെ തുറന്നുകാട്ടിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഒരു മണിക്കൂറിനുള്ളില്‍ 367 ദിര്‍ഹം പിരിച്ചെടുത്തെങ്കില്‍ ദിവസം മുഴുവന്‍ ഭിക്ഷാടനം തുടരുന്ന അവസ്ഥ സങ്കല്‍പ്പിക്കുക. പൊലിസ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ ചോദിക്കുന്നു.
മറ്റുപോംവഴികള്‍ ഇല്ലാത്തതിനാല്‍ യാചനക്കായി ഇറങ്ങുന്നതിനേക്കാള്‍ ആളുകള്‍ യാചന തൊഴിലായി സ്വീകരിച്ചിരിക്കുകയാണെന്നും പോലിസ് പറഞ്ഞു. പൊതുജനങ്ങളുടെ ധാനധര്‍മ്മം ചെയ്യാനുള്ള മനസ്സ് മുതലെടുത്ത് പലരും വലിയ തുകകള്‍ സ്വരൂപിക്കുന്നു.
സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ പിന്തുണ ശരിയായ സ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശ്വസനീയമായ ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന നല്‍കുക. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന യാചകരെ അബദ്ധവശാല്‍ പോലും പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുക. സംശയാസ്പദമായ രീതിയില്‍ യാചനാ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ 80040, 901 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടുക.

STORY HIGHLIGHTS:Sharjah Police has shared a video exposing the hidden truths behind begging.