
മലപ്പുറം:സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
വഴിക്കടവ് സ്വദേശിയായ ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.
റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. ജുനൈദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. ഉടന്‍ തന്നെ മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകനാണ് 32 കാരനായ ജുനൈദ്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സൈറാബാനു, മകന്‍: മുഹമ്മദ് റെജല്‍. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ മാര്‍ച്ച് 1 ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവില്‍ നിന്നാണ് ജുനൈദിനെ പിടികൂടിയിരുന്നത്.
ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പാട്ടുകളുടെ വരികള്‍ക്കൊപ്പിച്ച് സ്ലോ മോഷന്‍ ഡാന്‍സ് കളിച്ച് കൊണ്ടാണ് ജുനൈദ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 44000 ത്തോളം ഫോളോവേഴ്‌സ് ഉള്ള താരമായിരുന്നു ജുനൈദ്.
STORY HIGHLIGHTS:Social media influencer Junaid died in a car accident.