
ഡല്ഹി: ദുബൈയില് നടന്ന ചാംപ്യന്സ് ട്രോഫി മത്സരത്തിനിടെ ഇന്ത്യക്കെതിരേ കളിച്ച പാകിസ്താന് ടീമിനെ പിന്തുണച്ചുവെന്നാരോപിച്ച് കൗമാരക്കാരന്റെ മാതാപിതാക്കളെ അറസ്റ്റ്ചെയ്തു.
മഹാരാഷ്ട്രയിലെ സിന്ധുദുര്ഗ് ജില്ലയില് മല്വാന് സ്വദേശിയായ 15 കാരന് ‘പാകിസ്താന് സിന്ദാബാദ്’ എന്ന് വിളിച്ചുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനാ പ്രവര്ത്തകര് നല്കിയ പരാതിയിലാണ് നടപടി. പരാതിയില് കൗമാരക്കാരനെ അറസ്റ്റ്ചെയ്ത് ജുവനൈല് ഹോമിലേക്ക് മാറ്റുകയുംചെയ്തു. മാതാപിതാക്കളെ കോടതിയില് ഹാജരാക്കി ജുഡീഷ്യല് കസ്റ്റഡിയിലും വിട്ടു.
പിന്നാലെ കൗമാരക്കാരന്റെ കുടുംബത്തിന്റെ ഏകവരുമാനമാര്ഗമായ കട ബുള്ഡോസര് ഉപയോഗിച്ച് തകര്ക്കുകയും ചെയ്തു. കട നിയമവിരുദ്ധമായി നിര്മിച്ചതാണെന്നും അനധികൃത ഭൂമിയിലാണ് സ്ഥിതിചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മല്വാന് മുനിസിപ്പാലിറ്റി അധികൃതരുടെ നടപടി. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനവും തകര്ത്തു. ഇരുവിഭാഗങ്ങള്ക്കിടയില് ശത്രുത വളര്ത്താന് ശ്രമിച്ചെന്നതുള്പ്പെടെയുള്ള കുറ്റങ്ങളാണ് കുടുംബത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ബുള്ഡോസര് രാജിനെതിരേ സുപ്രിംകോടതിയുടെ കടുത്ത നിര്ദേശങ്ങള് നിലനില്ക്കെയാണ് മുനിസിപ്പാലിറ്റിയുടെ നടപടി.
പ്രദേശത്ത് ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൂട്ടത്തിലൊരു ബാലന് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. സംഭവത്തില് പൊലിസിനെ പിന്തുണച്ചും നന്ദിയറിയിച്ചും ഭരണപക്ഷ നേതാക്കള് രംഗത്തുവന്നു. പൊലിസിനോട് നന്ദി പറഞ്ഞ ഷിന്ഡെ വിഭാഗം ശിവസേന എം.എല്.എ നിലേഷ് റാണ, ഇപ്പോള് അവരുടെ ബിസിനസ് തകര്ത്തെന്നും ഇനി അവരെ ജില്ലയില്നിന്ന് തന്നെ പുറത്താക്കുമെന്നും ട്വീറ്റ്ചെയ്തു. കുടുംബത്തിന് വേണ്ടി കോടതിയില് ഹാജരാകില്ലെന്ന് പറഞ്ഞ ലോയേഴ്സ് അസോസിയേഷന് നന്ദി പറയുന്നതായും എം.എല്.എ ട്വീറ്റ്ചെയ്തു.
പാക് ടീമിനെ പിന്തുണച്ചുവെന്നാരോപിച്ച് അറസ്റ്റും ബുള്ഡോസര് നടപടിയും ഇന്ത്യയില്നിന്ന് റിപ്പോര്ട്ട്ചെയ്യുന്നതിനിടെ, സൂപ്പര് താരം വിരാട് കോഹ് ലിക്ക് വേണ്ടി കൈയടിച്ച പാക് ആരാധകരെ പ്രശംസിച്ച് ഇന്ത്യയിലെ മാധ്യമങ്ങള്. ഞായറാഴ്ചയാണ് പാക് തലസ്ഥാനമായ ഇസ് ലാമാബാദില് ‘കോഹ്ലി.. കോഹ്ലി’ എന്ന മുദ്രാവാക്യങ്ങള് മുഴക്കി ഒരുവിഭാഗം പാകിസ്താനികള് ഇന്ത്യയുടെ വിജയത്തില് ആഹ്ലാദം പ്രകടിപ്പിച്ചത്. ഇന്ത്യന് മാധ്യമങ്ങള് ഇതിന്റെ വിഡിയോ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു. പാക് ബൗളര്മാരെ തലങ്ങും വിലങ്ങും പറത്തിയ കോഹ് ലിയുടെ സെഞ്ച്വറഇ മികവിലാണ് ഇന്ത്യ മത്സരത്തില് വിജയിച്ചത്.
STORY HIGHLIGHTS:15-year-old and his parents arrested for allegedly supporting the Pakistan team
CELEBRATION IN PAKISTAN FOR VIRAT KOHLI'S HUNDRED. 🤯pic.twitter.com/WOkDj8d8nN
— Mufaddal Vohra (@mufaddal_vohra) February 23, 2025

