IndiaNews

ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസം; പലിശ നിരക്ക് കുറച്ചു

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി 12 ലക്ഷം രൂപയാക്കി കൂട്ടിയ പിന്നാലെ മറ്റൊരു ആശ്വാസവുമായി റിസര്‍വ് ബാങ്ക്.

പലിശ നിരക്ക് കുറച്ചിരിക്കുകയാണ് കേന്ദ്ര ബാങ്ക്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ നയംമാറ്റം. 25 ബേസിസ് പോയന്റ് കുറച്ച്‌ റിപ്പോ നിരക്ക് 6.25 ശതമാനമാക്കി.



2020ല്‍ 40 ബേസിസ് പോയിന്റ് കുറച്ച്‌ നാല് ശതമാനമാക്കി റിപ്പോ നിരക്ക് കുറച്ചതിന് ശേഷം ഘട്ടങ്ങളായി പലിശ കൂട്ടുകയാണ് ചെയ്തിരുന്നത്. ശക്തികാന്ത ദാസ് വിരമിക്കുകയും ആര്‍ബിഐ മേധാവിയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കുകയും ചെയ്ത ശേഷം നടന്ന ആദ്യ അവലോകന യോഗത്തിലാണ് നിര്‍ണായക തീരുമാനം. എന്തൊക്കെയാണ് ഇതുകൊണ്ടുള്ള നേട്ടമെന്ന് പറയാം…

റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകനത്തിന് ശേഷമാണ് പുതിയ പലിശ നിരക്ക് സംബന്ധിച്ച്‌ പ്രഖ്യാപനം ഉണ്ടായത്. നിലവിലെ സാമ്ബത്തിക കെട്ടുറപ്പ് പരിശോധിച്ചാണ് നിരക്കില്‍ സാധാരണ മാറ്റം വരുത്തുക. റിപ്പോ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചതോടെ വിപണിയില്‍ പണലഭ്യത കൂടും.വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്ബോള്‍ ആര്‍ബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്.

വിപണിയെ സജീവമാക്കാന്‍ സഹായിക്കുന്നതാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. ഈ മാസം ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും വിപണിയെ ചലിപ്പിക്കാന്‍ പര്യാപ്തമായ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ആദായ നികുതി നിരക്ക് 12 ലക്ഷമാക്കി ഉയര്‍ത്തിയത് ഇതില്‍ പ്രധാനമായിരുന്നു.

അടുത്തിടെ കാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) 50 ബേസിസ് പോയന്റ് കുറച്ചിരുന്നു. ബാങ്കിങ് മേഖലയ്ക്ക് കൂടുതല്‍ പണം ലഭിക്കുന്നതായിരുന്നു ഈ തീരുമാനം. ഇപ്പോള്‍ റിപ്പോ നിരക്ക് കൂടി കുറച്ചതോടെ വിപണി കൂടുതല്‍ സജീവമാകുമെന്ന് കരുതാം. പണപ്പെരുപ്പ നിരക്ക് ഭീഷണിയില്ലാത്ത തോതില്‍ നില്‍ക്കുന്നതും റിപ്പോ നിരക്ക് കുറയ്ക്കാന്‍ കാരണമായി.

വരുന്ന അവലോകനത്തിലും റിപ്പോ നിരക്ക് കുറയ്ക്കാനാണ് സാധ്യത എന്ന് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു. ഭവന വായ്പ, വാഹന വായ്പ എന്നിവ എടുത്തവര്‍ക്ക് പലിശ നിരക്ക് കുറച്ചത് ആശ്വാസകരമാണ്. വാഹന വിപണി കൂടുതല്‍ സജീവമാകാനും ഇത് കാരണമായേക്കും. റിയല്‍ എസ്റ്റേറ്റ് രംഗവും കുടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.

അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ നിരക്ക് 6.7 ശതമാനമാണ് ആര്‍ബിഐ കാണുന്നത്. ഭക്ഷ്യപണപ്പെരുപ്പം വൈകാതെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. നടപ്പ് സാമ്ബത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് 4.8 ശതമാനവും അടുത്ത സാമ്ബത്തിക വര്‍ഷത്തേത് 4.2 ശതമാനവുമാണ് പ്രതീക്ഷിക്കുന്നത്.

STORY HIGHLIGHTS:Relief for loan takers; Interest rates reduced

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker