ദുബൈ:ഇന്ത്യൻ സന്ദർശകർക്ക് യു.എ.ഇയില്‍ ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം. എൻ.പി.സി.ഐ ഇന്റർനാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി.
യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്‍മിനലുകളില്‍ ക്യു.ആർ കോഡ് ഉപയോഗിച്ച് എളുപ്പത്തില്‍ ഷോപ്പിങ് സാധ്യമാകും. തുടക്കത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്‍, യാത്ര, വിനോദം, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും.
ഓരോ വർഷവും യു.എ.ഇയിലെത്തുന്ന 1.2 കോടി ഇന്ത്യക്കാർക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പത്തില്‍ നടത്താൻ ഇതിലുടെ കഴിയും. 2023ലെ കണക്ക് പ്രകാരം ദുബായ് സന്ദർശകരില്‍ ഇന്ത്യയാണ് മുന്നില്‍. 1.19 കോടി പേർ ദുബായ് സന്ദർശിച്ചു. സൗദി അറേബ്യയില്‍നിന്ന് 67 ലക്ഷം പേരും യുകെയില്‍നിന്ന് 59 ലക്ഷം പേരുമാണ് യു.എ.ഇയിലെത്തിയത്.
യു.പി.ഐ ഏഴ് രാജ്യങ്ങളില്‍
ഭൂട്ടാൻ, മൗറീഷ്യസ്, നേപ്പാള്‍, സിങ്കപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിലവില്‍ യുപിഐ ഇടപാടുകള്‍ നടത്താം. ഭീം, ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ എന്നിവയുള്‍പ്പടെ 20 ലധികം ആപ്പുകള്‍ വഴി അന്താരാഷ്ട്ര ഇടപാടുകള്‍ സാധ്യമാകും.
ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇന്ത്യൻ രൂപയിലാണ് പണം കൈമാറുക. വിദേശ വിനിമയത്തിനുള്ള നിരക്കും ബാങ്ക് ഫീസും കൂടുതലായി നല്‍കേണ്ടിവരും. യു.പി.ഐ ആപ്പില്‍നിന്ന് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭിക്കും.
STORY HIGHLIGHTS:UPI can now be used in Dubai duty free shops