കോഴിക്കോട്:കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പ്രതി അബ്ദുള്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്‌ജില്‍ എത്തിയതും പിന്നീട് മുങ്ങിയതും. പ്രതിയുടെ സുഹൃത്തിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്‌ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ‌്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഫസീലയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഫസീലയ്‌ക്കൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന അബ്ദുള്‍ സനൂഫിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ സംസ്ഥാനംവിട്ട് പുറത്തേക്ക് പോയിരിക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
കൊലപാതകത്തിന് അബ്ദുള്‍ സനൂഫിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 35കാരിയായ ഫസീലയും സനൂഫും ഞായറാഴ്ച രാത്രി 11 മണിക്കാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മൂന്ന് ദിവസത്തേക്ക് മുറിയെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതി മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.
STORY HIGHLIGHTS:Incident where a woman was found dead inside a lodge, more details revealed