IndiaNews

വിദ്വേഷപ്രചാരകര്‍ക്ക് മുന്നറിയിപ്പുമായി എ.ആര്‍. റഹ്മാൻ

രണ്ട് ദിവസം മുൻപാണ് തന്റെ വിവാഹമോചനം സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഭാര്യ സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതിന് മണിക്കൂറുകള്‍ക്കകം റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചർച്ചകളുയർന്നു. എന്നാല്‍ മോഹിനിയും റഹ്മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്തു. ഇതിനുപിന്നാലെ തന്നെക്കുറിച്ച്‌ അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് എ.ആർ. റഹ്മാൻ.

എ.ആർ.റഹ്മാനുവേണ്ടി നർമദാ സമ്ബത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹമോചനവാർത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികള്‍ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയില്‍ പിന്തുണയറിയിച്ചും എത്തിയിരുന്നു. എന്നാല്‍ ചില സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച്‌ സാങ്കല്‍പ്പികവും അപകീർത്തികരവുമായ കഥകള്‍ എഴുതാനാരംഭിച്ചെന്ന് നോട്ടീസില്‍ പറയുന്നു. റഹ്മാന്റെ ദാമ്ബത്യത്തകർച്ചയെക്കുറിച്ച്‌ പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.

തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രോഗ്രാമിലും, അശ്ലീല ഉള്ളടക്കങ്ങള്‍ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിൻ്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എൻ്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താൻ ഉദ്ദേശിക്കുന്ന സോഷ്യല്‍ മീഡിയ വ്യക്തികള്‍ അവരുടെ പ്രൊഡക്ഷനുകള്‍ക്കായി പട്ടിണി കിടക്കുകയാണെന്നും, കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കല്‍പ്പികവും വ്യാജവുമായ കഥകള്‍ കെട്ടിച്ചമയ്ക്കുകയുമാണ്.

അടുത്ത ഒരു മണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.” വക്കീല്‍ നോട്ടീസില്‍ പറയുന്നു.

എ.ആർ. റഹ്മാനുമായി ബന്ധപ്പെട്ടുയർന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം ഗോസിപ്പുകള്‍ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നുപറഞ്ഞ് എ.ആർ. റഹ്മാന്റെ മകൻ അമീൻ രംഗത്തെത്തിയിരുന്നു. എആർ റഹ്മാൻ ഒരു ഇതിഹാസ കലാകാരൻമാത്രമല്ല. ഏറ്റവും നല്ല സ്വഭാവത്തിനുടമയും ലോകസംഗീതത്തിനും കലയ്ക്ക് അമൂല്യ സംഭാവനകള്‍ ചെയ്ത വ്യക്തി കൂടിയാണ്. അങ്ങനെയുള്ള വ്യക്തിക്കെതിരേ നടത്തുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ മനസ്സ് മടുപ്പിക്കുന്നു എന്നാണ് അമീൻ പറഞ്ഞത്. അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുമെന്നും അല്പന്മാർ അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു റഹ്മാന്റെ മക്കളായ കദീജയും റഹീമയും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

STORY HIGHLIGHTS:A.R. Rahman warns against hate mongers

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker