ബോംബ് ഭീഷണി: മുംബൈ-ന്യൂയോര്ക്ക് വിമാനം അടിയന്തരമായി നിലത്തിറക്കി പരിശോധന
മുംബൈയില്നിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡല്ഹി വിമാനത്താവളത്തില് അടിയന്തരമായി ഇറക്കി.
എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈയിൽനിന്ന് ജിദ്ദയിലേക്കും മസ്കറ്റിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണിയുണ്ട്. ഇതുകൂടാതെ മുംബൈ ഹൗറ മെയിൽ ട്രെയിനുനേരെയും ബോംബ് ഭീഷണിയുണ്ട്.
മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം വിമാനം ഡല്ഹിയില് ലാൻഡ് ചെയ്യുകയായിരുന്നു. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയശേഷം വിമാനത്തില് സുരക്ഷാ പരിശോധനകള് നടത്തി.
” മുംബൈയില്നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ 119 വിമാനത്തിന് സുരക്ഷാ മുന്നറിയിപ്പുകള് ലഭിച്ചതിനെ തുടർന്ന് ഡല്ഹി വിമാനത്താവളത്തില് ഇറക്കി. യാത്രക്കാർ ഇപ്പോള് ഡല്ഹി വിമാനത്താവളത്തിലെ ടെർമിനലിലുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അപ്രതീക്ഷിത ബുദ്ധിമുട്ട് ഒഴിവാക്കാൻ ജീവനക്കാർ നടപടികള് സ്വീകരിക്കുകയാണ്”-എയർഇന്ത്യ വക്താവ് അറിയിച്ചു. പ്രോട്ടോകോള് അനുസരിച്ചുള്ള സുരക്ഷാ പരിശോധനകള് നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
STORY HIGHLIGHTS:Bomb threat: Mumbai-New York flight immediately grounded for inspection