NewsPolitics

ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല- പി.വി അൻവര്‍

മലപ്പുറം:എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി പി.വി.അൻവർ എം.എല്‍.എ. താൻ പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍ പറഞ്ഞാല്‍ കൃത്യമായ അന്വേഷണമാവുമോ? തന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു. നാടകം നടത്തിയിട്ട് വസ്തുനിഷ്ടമായ അന്വേഷണമാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍ വിളിച്ചുപറയുകയല്ലാതെ എന്ത് ചെയ്യണം. പാർട്ടി പറഞ്ഞത് താൻ അനുസരിച്ചു. പാർട്ടിയോടുള്ള തന്റെ അഭ്യർഥന പരിഗണിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

താൻ മത്സരിക്കാൻ വന്നപ്പോള്‍ വേറൊരു വിഭാഗം നടത്തിയ പണി ഇന്ന് പാർട്ടി നേതൃത്വത്തില്‍ നടക്കുകയാണ്. നിലമ്ബൂരില്‍ ആദ്യമായി മത്സരിക്കുമ്ബോള്‍ പാർട്ടി ഇങ്ങോട്ട് വന്ന് പിന്തുണച്ചതാണെന്നും അൻവർ വ്യക്തമാക്കി.

യാഥാർഥ്യങ്ങള്‍ യഥാർഥ സഖാക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വടകരയില്‍ പാർട്ടി സഖാക്കള്‍ മാറി വോട്ടുചെയ്തു. പിണറായിയില്‍ അടക്കം വോട്ടുചോർന്നു. പാർട്ടി സഖാക്കള്‍ കൃത്യമായ പ്രതിഷേധം രേഖപ്പെടുത്തിയതാണത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച്‌ വെറും ഏഴാംകൂലിയായ പി.വി. അൻവർ അന്വേഷണം നടത്തിയിട്ടുണ്ട്. ആ വിവരങ്ങള്‍ വെച്ചാണ് സംസാരിക്കുന്നത്. വലിഞ്ഞുകേറി വന്ന കോണ്‍ഗ്രസുകാരന്റെ താത്പര്യംപോലും, ആ ഏഴാംകൂലിയുടെ വിവരംപോലും ഇത്രവലിയ പരാജയമുണ്ടായിട്ട് പരിശോധിക്കാതെ തന്റെ നെഞ്ചത്തേക്ക് കേറിയിട്ട് എന്തുകാര്യമെന്നും അൻവർ ചോദിച്ചു.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാഷയേയും അദ്ദേഹം പരിഹസിച്ചു. ‘അദ്ദേഹത്തിന്റെ മലയാളം എനിക്ക് അറിയില്ല. എനിക്ക് ആ പാർട്ടിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞല്ലോ? അച്ചടി ഭാഷയെന്ന് മാഷെ കളിയാക്കുകയല്ല’, അൻവർ പറഞ്ഞു.

‘എന്നെ ചവിട്ടിപ്പുറത്താക്കിയതുകൊണ്ട് ഞാൻ പുറത്തുപോവില്ല. ഞാൻ ആദ്യമേ പാർട്ടിക്ക് പുറത്താണ്. നിർത്തില്ല, പറഞ്ഞുകൊണ്ടേയിരിക്കും. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പ്രസംഗിക്കാൻ പോവുകയാണ്. നിലമ്ബൂരില്‍ ഒരു ജീപ്പ് കെട്ടി അതിനുമുകളില്‍ കേറിനിന്ന് പറയും.

ഒരാളും വരണ്ട. ഇപ്പോള്‍ പുറത്താക്കിയെന്നല്ലേ പറഞ്ഞത്. ഇനി തീപ്പന്തം പോലെ ഞാൻ കത്തും. ഇനി ഒരാളേയും പേടിക്കേണ്ട. ജനങ്ങളോട് സമാധാനം പറഞ്ഞാല്‍ മതി. പണ്ട് പരിമിതി ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വതന്ത്രമാണ്. കപ്പല് ഒന്നായി മുങ്ങാൻ പോകുന്നു’, അൻവർ കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:Now I will burn like a fireball, I will not be afraid of anyone – PV Anwar

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker