GulfSaudi

ഒറ്റ രജിസ്ട്രേഷൻ മതി സഊദിയിൽ ഇനി ഏത് ബിസിനസും ചെയ്യാം

റിയാദ്: വ്യാപാരികൾക്കും വ്യവസായികൾക്കും സൗദി അറേബ്യയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സി.ആർ) മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. നിലവിൽ വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കാൻസൽ ചെയ്യാനോ അല്ലെങ്കിൽ ഉടമസ്ഥാവകാശം മാറ്റാനോ ഉടമകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിച്ചു.

വ്യാപാരികൾക്കും വ്യവസായികൾക്കും ലോകനിലവാരത്തിലുള്ള ഏറ്റവും മികച്ച സൗകര്യമെന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇതുവരെ സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്ഥാപനങ്ങൾ തുറക്കണമെങ്കിൽ വാണിജ്യമന്ത്രാലയത്തിൽ നിന്ന് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമായിരുന്നു. ഇതുകാരണം ഒരേ പേരിലുള്ള സ്ഥാപനത്തിന് വിവിധ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ എടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ലഭിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ സൗദി അറേബ്യ എന്ന് മാത്രമേ ഉണ്ടാവുകയുളളൂ. നഗരങ്ങളുടെയോ പ്രവിശ്യകളുടെയോ പേരുകൾ ഉണ്ടാവില്ല. അതിനാൽ നിലവിലെ മാസ്റ്റർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒഴികെയുള്ള മറ്റു ബ്രാഞ്ച് രജിസ്ട്രേഷനുകൾ കാൻസൽ ചെയ്യണമെന്ന് മന്ത്രാലയം വ്യാപാരികളോട് ആവശ്യപ്പെട്ടു.

സൗദി പൗരന്മാർക്കും വിദേശനിക്ഷേപകർക്കും സൗദി കമ്പനികൾക്കും ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റെടുത്ത് സൗദിയിൽ എവിടെയും ഏത് ബിസിനസും ചെയ്യാൻ ഇനി മുതൽ സാധിക്കും. പ്രത്യേക ബിസിനസിന് പ്രത്യേക രജിസ്ട്രേഷൻ എന്ന നിബന്ധനയും പിൻവലിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് വർഷം വരെ പണം നൽകി പുതുക്കാവുന്ന കൊമേഴ്സ്യൽ രജിസ്ട്രേഷനാണ് ഉണ്ടായിരുന്നത്. പുതിയ കൊമേഴ്സ്യൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് പ്രത്യേക കാലാവധി ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പകരം എല്ലാ വർഷവും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഓരോ സ്ഥാപനത്തിനും രജിസ്ട്രേഷനുമായി ബന്ധിപ്പിച്ച സ്വന്തം ബാങ്ക് എകൗണ്ടും നിർബന്ധമാണ്. നിലവിൽ ബ്രാഞ്ച് രജിസ്ട്രേഷനുകളെടുത്തവർക്ക് അത് കാൻസൽ ചെയ്യാനും അല്ലെങ്കിൽ ഉടമസ്ഥാവകാശം മാറ്റാനുമായി അഞ്ച് വർഷത്തെ സമയപരിധി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

STORY HIGHLIGHTS:Doing business in Saudi will now be easy, one registration is enough;  Any business can be done

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker