റോഡിൽ കുത്തിയിരുന്ന് പതിനായിരങ്ങൾ; ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്നു.
തെൽ അവീവ്: ബന്ദിമോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. വെള്ളിയാഴ്‌ചയും ഗതാഗതം തടഞ്ഞ് പതിനായിരങ്ങൾ റോഡിൽ കുത്തിയിരുന്നു. ഹമാസുമായി വെടിനിർത്തൽ കരാറിലെത്താൻ വൈകുന്ന ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. യുദ്ധം ആഭ്യന്തരമായി സൃഷ്ടിക്കുന്ന പ്രതിസന്ധികളും പ്രതിഷേധത്തിന് കാരണമാകുന്നു. മാസങ്ങളായി പ്രതിഷേധമുണ്ടെങ്കിലും കഴിഞ്ഞയാഴ്ച ആറ് ബന്ദികളുടെ മൃതദേഹം ഗസ്സയിലെ തുരങ്കത്തിൽനിന്ന് ലഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്
മരണത്തിന് മുമ്പെടുത്ത ബന്ദികളുടെ വിഡിയോയും രോഷത്തിന് ആക്കം കൂട്ടി. ഇസ്രായേൽ സർക്കാറിന് തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ താൽപര്യമില്ലെന്നും രാഷ്ട്രീയ താൽപര്യങ്ങളാണ് പ്രധാനമന്ത്രി നെതന്യാഹുവിനെ നയിക്കുന്നതെന്നും വിഡിയോയിൽ ബന്ദികൾ ആരോപിച്ചിരുന്നു. അതിനിടെ, ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ നെതന്യാഹുവിന് ഭരണം നഷ്ടപ്പെടുമെന്ന് മആരിവ് ദിനപത്രം നടത്തിയ അഭിപ്രായ സർവേ ഫലം പറയുന്നു.
120 അംഗ പാർലമെൻ്റിൽ ഭരണമുന്നണിക്ക് 53 സീറ്റും പ്രതിപക്ഷത്തിന് 58ഉം സീറ്റ്ലഭിക്കുമെന്നാണ് സർവേ ഫലത്തിൽ പറയുന്നത്.
STORY HIGHLIGHTS:Anti-government protests continue in Israel.