Health

വീണ്ടും തട്ടിപ്പ്:പതഞ്ജലിയുടെ ആയുർവേദ പൽപ്പൊടിയിൽ മാംസാംശം

ന്യൂഡൽഹി: ഗുണനിലവാരമില്ലാത്തതും വ്യാജ അവകാശവാദങ്ങളുമായി ഉൽപ്പന്നങ്ങൾ വിറ്റതിന് സുപ്രിംകോടതിയിൽ നിന്നടക്കം നടപടി നേരിട്ട പതഞ്ജലിക്കെതിരെ പുതിയ പരാതി. ഔഷധ ഗുണമുള്ള ആയുർവേദ പൽപ്പൊടിയിൽ മാംസാംശമുണ്ടെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് ബാബാ രാംദേവിനും പതഞ്ജലിയുടെ ദിവ്യ ഫാർമസിക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി. ഹരജിയിൽ ബാബാ രാംദേവിനും കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു.

വെജിറ്റേറിയൻ വിഭാഗമാണെന്ന് ലേബൽ ചെയ്ത് പൽപ്പൊടിയിലാണ് മാംസാംശം കണ്ടെത്തിയത്. അഭിഭാഷകനായ നിതിൻ ശർമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നതിങ്ങനെയാണ്. പൽപ്പൊടിയുടെ പാക്കേജിങ്ങിൽ സസ്യാഹാരവും സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങളാണണെന്ന് വ്യക്തമാക്കുന്ന പച്ച ഡോട്ട് നൽകിയിട്ടുണ്ട്. ഇതു കണ്ടിട്ടാണ് ബ്രാഹ്മണനായ താനും കുടുംബവും ഉൽപ്പന്നങ്ങൾ വാങ്ങിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ചേരുവകളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് കണവമീനിന്റെ ( സെപിയ അഫിസിനാലിസ് -കട്ടിൽ ഫിഷ്) ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തിയത്. പതഞ്ജലിയുടെ വെബ്സൈറ്റിൽ എറെ പ്രാധാന്യത്തോടെ വെജിറ്റേറിയൻ എന്ന പേരിലാണ് ഉൽപ്പന്നം പ്രദർശിപ്പിച്ചിരിക്കുന്നത്.

സസ്യാധിഷ്ഠിത പൽപ്പൊടിയാണെന്ന് വിശ്വസിച്ച് ‘ദിവ്യ ദന്ത് മഞ്ചൻ’ ദീർഘകാലമായി ഹരജിക്കാരനും അവരുടെ കുടുംബവും ഉപയോഗിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് ചേരുവകളിൽ കണവ മീനിന്റെ ഭാഗങ്ങളും ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്ന് വിശ്വസിച്ച് വാങ്ങുന്നവയിൽ സസ്യേതര ചേരുവകൾ ഉപയോഗിക്കുന്നത് വഞ്ചനയാണ്. സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് പതഞ്ജലിയുടേത്. വളരെക്കാലമായി ഇതൊന്നുമറിയാതെ മാംസാംശമുള്ള ഉൽപ്പന്നമാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് തന്നെയും കുടുംബത്തെയും വേദനിപ്പിച്ചുവെന്നും ഹരജിയിൽ പറയുന്നു. നോൺ -വെജിറ്റേറിയൻ ചേരുവകൾ അടങ്ങിയ ‘ദിവ്യ ദന്ത് മഞ്ജൻ’ ഉൽപ്പന്നത്തെ പറ്റിയും അതിന്റെ പരസ്യങ്ങളെ പറ്റിയും ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. കേസ് നവംബർ 28 ന് വീണ്ടും പരിഗണിക്കും.

നേരത്തെയും പതഞ്ജലി നിരവധി നടപടികൾ നേരിട്ടിരുന്നു. കോവിഡിനെ ചെറുക്കുമെന്നു പറഞ്ഞ് പുറത്തിറക്കിയ കൊറോണില്‍ മരുന്നിനെതിരെ നേരത്തെ കോടതി നടപടിയെടുത്തിരുന്നു. കൊറോണില്‍ കോവിഡ് മരുന്നാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിവിധ ഡോക്ടേഴ്‌സ് അസോസിയേഷനുകള്‍ 2021ല്‍ നല്‍കിയ ഹരജികളിലാണ് കോടതി ഇടപെടല്‍. വ്യാജവാദങ്ങളുമായാണ് രാംദേവ് കൊറോണിലിന്റെ പ്രചാരണം നടത്തിയതെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.

STORY HIGHLIGHTS:Scam again: Patanjali’s Ayurvedic Tooth Powder contains meat

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker