മുബൈയിലെ അന്ധേരി വെസ്റ്റിലെ ഗോഡ്ഫാദര്‍ ക്ലബിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിവിധ ഡേറ്റിങ് ആപ്പുകളിലൂടെ പുരുഷന്‍മാരെ വലയില്‍ വീഴ്ത്തി ക്ലബിലെത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഇത്തരത്തില്‍ നിരവധിപേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ഡേറ്റിങ് ആപ്പുകളില്‍ പെട്ടന്ന് വീഴാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയ പെണ്‍കുട്ടികളെ നിയമിച്ചിട്ടുണ്ട്. ഇവര്‍ ഇരകളെ കണ്ടെത്തി കഴിഞ്ഞാല്‍ ചാറ്റ് ചെയ്ത് വിശ്വാസ്യത നേടും. ഇതിനുശേഷമാണ് തട്ടിപ്പിന്റെ അടുത്തഘട്ടം തുടങ്ങുക. നേരില്‍ കാണാന്‍ പുരുഷന്‍മാരെ ക്ഷണിക്കും. സ്ഥലം ഗോഡ്ഫാദര്‍ ക്ലബോ സമീപത്തുള്ള സമാനമായ സ്ഥാപനങ്ങളുമായിരിക്കും.
പുരുഷന്‍മാരെ നേരില്‍ കാണുകയും തുടര്‍ന്ന് ഭക്ഷണം കഴിക്കാനായി ക്ലബിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. വിലകൂടിയ മദ്യം, ഭക്ഷണം എന്നിവ കൂടാതെ ഹുക്ക പോലുള്ളവയാകും പെണ്‍കുട്ടികള്‍ ഓഡര്‍ ചെയ്യുക. ഇത് പലപ്പോഴും ക്ലബിന്റെ മെനു കാര്‍ഡില്‍ പോലും ഉണ്ടാകില്ല. എല്ലാം ഓഡര്‍ ചെയ്തു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ക്ലബില്‍ നിന്നും മുങ്ങുകയാണ് പതിവ്. ഇതോടെ പുരുഷന്‍മാര്‍ വലിയ ബില്‍ നല്‍കേണ്ടി വരും. ബില്‍ നല്‍കിയില്ലെങ്കില്‍ നേരിടാന്‍ ബൗണ്‍സര്‍മാരും സ്റ്റാഫുകളും രംഗത്തെത്തുകയും ചെയ്യും. നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയാകുന്നത്. ഭയവും അപമാനവും കാരണം ഇക്കാര്യം പലരും പുറത്ത് പറയുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.
ആക്ടിവിസ്റ്റ് ദീപിക നാരായണ്‍ ഭരദ്വാജ് ഇതുസംബന്ധിച്ച് ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇരുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ഇത്തരത്തില്‍ നഷ്ടമായവരുണ്ട്. മുംബൈയില്‍ മാത്രമല്ല മറ്റ് നഗരങ്ങളിലും സമാനമായ തട്ടിപ്പ് നടക്കുന്നതായാണ് വിവരം. നിലവില്‍ മുംബൈ പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
STORY HIGHLIGHTS:Serious allegations against Godfather Club in Andheri West