ആകാശ എയറിൽ’ പറക്കാം; പുതിയ സർവീസ് ഇന്ന് മുതൽ
കുവെെറ്റ് | കുവെെറ്റിൽ നിന്ന് മുംബൈയിലേക്ക് സർവീസുമായി ആകാശ എയർ. ഇതിനായുള്ള അഭ്യർത്ഥന കുവെെറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു. ഇന്ന് മുതലാണ് ആകാശ എയർ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുക. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈ വിമാനത്താവളത്തിലേക്കാണ് ആകാശ എയർ സർവീസ് നടത്തുക. പ്രതിദിനം ഒരു ഫ്ലൈറ്റ് എന്ന രീതിയിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് ഉണ്ടാവുക.
കുവെെറ്റിന് പുറത്തേക്ക് സർവീസ് വർധിപ്പിക്കാൻ ഡിജിസിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായാണ് ആകാശ എയറിന്റെ ഈ പുതിയ ഓപ്പറേഷന് അനുമതി നൽകിയതെന്ന് ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് എയർ ട്രാൻസ്പോർട്ട് കൺട്രോളർ റെയ്ദ് അൽ താഹർ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. നിലവിൽ, കുവൈറ്റിനും മുംബൈയ്ക്കുമിടയിൽ മാത്രമായിരിക്കും സർവീസുണ്ടാവുക. താമസിയാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനങ്ങൾ വിപുലീകരിക്കാൻ എയർലൈന് പദ്ധതിയുണ്ടെന്നാണ് വിവരം.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആകാശയുടെ പ്രവർത്തനങ്ങൾ കുവൈറ്റിനും ഇന്ത്യക്കുമിടയിൽ വർധിച്ചുവരുന്ന ഫ്ലൈറ്റുകളുടെ ആവശ്യകത നിറവേറ്റുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് അൽ-താഹർ പറഞ്ഞു. ഈ വികസനം കുവൈറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുകയും രണ്ട് സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.
STORY HIGHLIGHTS:Let’s fly in ‘Akasha Air’; New service from today