Business

ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു.

ഡൽഹി:ആഘോഷങ്ങള്‍ക്ക് ആവേശമേറിയതോടെ ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. കൊവിഡിന് ശേഷം ഇന്ത്യക്കാരുടെ കല്യാണ ആഘോഷങ്ങള്‍ ആർഭാടത്തിന്റെ അവസാന വാക്കായി മാറുകയാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിസമ്ബന്നർ മുതല്‍ ഗ്രാമീണ മേഖലകളിലെ സാധാരണക്കാർ വരെ കല്യാണ വിപണിയില്‍ മുടക്കുന്ന പണത്തില്‍ വലിയ വർദ്ധന കഴിഞ്ഞ വർഷങ്ങളില്‍ ദൃശ്യമായി. സാങ്കേതികവിദ്യയടെ വികാസവും സോഷ്യല്‍ മീഡിയയുടെ സ്വാധീനവും രാജ്യത്തെ വിവാഹ വിപണിയില്‍ വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കി.

ഭക്ഷ്യ, പലവ്യഞ്ജന മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം മൂല്യമുള്ള വിപണിയാണ് വിവാഹ ആഘോഷങ്ങള്‍.

പ്രതിവർഷം 80 ലക്ഷം മുതല്‍ ഒരു കോടി വരെ വിവാഹങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ചൈനയില്‍ പ്രതിവർഷ വിവാഹങ്ങളുടെ എണ്ണം 70 – 80 ലക്ഷം മാത്രമാണ്. അമേരിക്കയിലിത് ശരാശരി 20 – 25 ലക്ഷം വരെയാണ്.

അമേരിക്കയിലെ കല്യാണ വിപണിയുടെ ഇരട്ടി വലുപ്പമാണ് ഇന്ത്യയിലേതെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസിന്റെ റിപ്പോർട്ട് പറയുന്നു. അമേരിക്കയില്‍ വിവാഹ ചടങ്ങുകളോട് അനുബന്ധിച്ച്‌ പ്രതിവർഷം 7,000 കോടി ഡോളറും ചൈനയില്‍ 17,000 കോടി ഡോളറുമാണ് ചെലവഴിക്കുന്നത്. ഇന്ത്യയിലിത് 13,000 കോടി ഡോളറാണ്.

പ്രത്യേക വിഭാഗമായി കണക്കിലെടുത്താല്‍ 68,100 കോടി ഡോളർ മൂല്യമുള്ളതാണ് ഇന്ത്യൻ കല്യാണ വിപണി.

വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കുന്നതിന്റെ ഇടട്ടിയിലധികം തുകയാണ് കുടുംബങ്ങള്‍ ഇന്ത്യയില്‍ വിവാഹത്തിനായി ചെലവഴിക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ രണ്ട് ദിവസം മുതല്‍ മാസങ്ങള്‍ വരെ നീളുന്ന ആഘോഷങ്ങളുമായാണ് വിവാഹം കൊണ്ടാടുന്നത്. കല്യാണ നിശ്ചയം മുതല്‍ താലികെട്ടും പിന്നീടുള്ള വിരുന്നുകളും വരെ പരമാവധി വർണാഭമാക്കും.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വാഹനങ്ങള്‍, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍, ഭക്ഷണം, സോഷ്യല്‍ മീഡിയ, ഫോട്ടോഗ്രഫി തുടങ്ങിയ വിപണികളില്‍ വലിയ വ്യാപാരം വിവാഹത്തോടനുബന്ധിച്ച്‌ നടക്കും.

സെലിബ്രിറ്റികളെ പങ്കെടുപ്പിക്കുന്നതിനും പ്രചാരണങ്ങള്‍ നടത്തുന്നതിനും കല്യാണങ്ങളില്‍ അധിക തുക ചെലവഴിക്കാറുണ്ട്. ദേശം, മതം, ജാതി, വർഗം എന്നിവ അനുസരിച്ച്‌ കല്യാണ ചെലവുകളില്‍ മാറ്റങ്ങളുണ്ടാകും.

ലളിതമായി ചെറുക്കനും പെണ്ണും ചുരുക്കം സുഹ്യത്തുക്കളും പങ്കെടുക്കുന്നതു മുതല്‍ മാസങ്ങള്‍ നീളുന്ന അത്യാഡംബര വിവാഹങ്ങള്‍ വരെ ഇന്ത്യൻ വിപണിയില്‍ നടക്കുന്നു.

സാമ്ബത്തികശേഷി നോക്കാതെ കല്യാണങ്ങള്‍ പരമാവധി കളറാക്കാനാണ് ഇന്ത്യക്കാർ താത്പര്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ജാതി, മത, ദേശ ഭേദമില്ലെന്നും ജെഫ്രീസിന്റെ റിപ്പോർട്ടില്‍ പറയുന്നു.

മത്സര സ്വഭാവം കൂടുതലായതിനാല്‍ കടം വാങ്ങിയും ഏറ്റവും മികച്ച ആഘോഷങ്ങളോടെ കല്യാണം ഗംഭീരമാക്കുന്നവരുടെയും എണ്ണം കൂടുകയാണ്.

STORY HIGHLIGHTS:The value of the Indian wedding market has crossed Rs 10 lakh crore.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker