ന്യൂഡല്‍ഹി: എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ വസതിക്കുനേരെ ആക്രമണം. ഇന്നലെ രാത്രി ഗേറ്റിനോട് ചേർന്ന മതിലിലെ നെയിം പ്ലേറ്റില്‍ അക്രമികള്‍ കരിഓയില്‍ ഒഴിക്കുകയും ഇസ്രായേല്‍ അനുകൂല പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു.
ലോക്സഭയില്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്തതതിന് പിന്നാലെ ഉവൈസി ഫലസ്തീന് ജയ് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്. ഇതൊന്നും കൊണ്ട് താൻ ഭയപ്പെടില്ലെന്നും, അമിത് ഷായുടെ നോട്ടപ്പിശക് കൊണ്ടാണ് അക്രമം ഉണ്ടായതെന്നും ഉവൈസി ആരോപിച്ചു.
34 അശോക റോഡിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ കല്ലേറുമുണ്ടായി. ഇതിന് ശേഷം ജയ് ശ്രീറാം വിളിച്ചാണ് സംഘം മടങ്ങിയത്. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് തങ്ങള്‍ ഉവൈസിയുടെ വീടിന് മുന്നില്‍ ഇസ്രായേല്‍ അനുകൂല പോസ്റ്റർ പതിച്ചത്. ഭാരത് മാത കീ ജയ് വിളിക്കാത്ത എം.പിമാർക്കെതിരെയും എം.എല്‍.എമാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും അക്രമികളിലൊരാള്‍ പറഞ്ഞു. അജ്ഞാതരായ ആളുകളെത്തി തന്റെ വീട് നശിപ്പിച്ചുവെന്ന് ഉവൈസി അറിയിച്ചു. ഇത് എത്രാമത്തെ തവണയാണ് വീടിന് നേരെ ആക്രമണമുണ്ടാവുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഇതേക്കുറിച്ച് പരാതി നല്‍കാനായി പോയപ്പോള്‍ നിസ്സഹായരാണെന്ന മറുപടിയാണ് ഡല്‍ഹി പൊലീസ് നല്‍കിയത്. അമിത് ഷായുടെ കണ്‍മുന്നിലാണ് ഇത്തരം സംഭവം നടക്കുന്നത്. എം.പിമാർക്ക് സുരക്ഷ നല്‍കാൻ സാധിക്കുമോ ഇല്ലയോയെന്നത് സ്പീക്കർ ഓം ബിർള വ്യക്തമാക്കണമെന്നും ഉവൈസി പറഞ്ഞു. സവർക്കറിന്റെ രീതിയിലുള്ള ഭീരുത്വ പ്രവർത്തിയാണിത്. ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു.
STORY HIGHLIGHTS:Attack on Uwaisi’s house after supporting Palestine