പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യണ്‍ ഡോളർ.
ഡൽഹി:പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യണ്‍ ഡോളർ. ഏകദേശം 8.88 ലക്ഷം കോടി രൂപ.
കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപമായ (നേരിട്ടുള്ള വിദേശ നിക്ഷേപവും പോർട്ട്ഫോളിയോ നിക്ഷേപവും ചേർന്നുള്ളത്) 54 ബില്യണ്‍ ഡോളറിന്‍റെ ഇരട്ടിയോളം തുകയാണിതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ സാമ്ബത്തിക വർഷം ആകെ 119 ബില്യണ്‍ ഡോളർ പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് വിദേശികള്‍ പുറത്തേക്ക് അയച്ച തുക കിഴിച്ചുള്ളതാണ് 107 ബില്യണ്‍ ഡോളർ.
നേരത്തേ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം എത്തിയിരുന്നതെങ്കില്‍ നിലവില്‍ യുഎസിനാണ് ഒന്നാംസ്ഥാനമെന്ന് റിസർവ് ബാങ്കിന്‍റെ സർവേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തില്‍ 23 ശതമാനമാണ് യുഎസിന്‍റെ പങ്ക്.
യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. പ്രവാസിപ്പണം നേടുന്നതില്‍ കേരളത്തിനുണ്ടായിരുന്ന ഒന്നാംസ്ഥാനം കോവിഡാനന്തരം മഹാരാഷ്ട്രയും പിടിച്ചെടുത്തിരുന്നു.
നിലവില്‍ മൊത്തം പ്രവാസിപ്പണത്തില്‍ 35 ശതമാനവും നേടുന്നത് മഹാരാഷ്ട്രയാണ്. 10.2 ശതമാനമാണ് കേരളത്തിലെത്തുന്നതെന്നും സർവേ വ്യക്തമാക്കിയിരുന്നു.
ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബല്‍ റെമിറ്റൻസസ് കണക്കുപ്രകാരം ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. വർഷങ്ങളായി ഇന്ത്യ തന്നെയാണ് മുന്നില്‍. 2023 കലണ്ടർ വർഷത്തില്‍ ഇന്ത്യ 125 ബില്യണ്‍ ഡോളർ നേടിയപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള മെക്സിക്കോയ്ക്ക് ലഭിച്ചത് 66.2 ബില്യണ്‍ ഡോളറായിരുന്നു.
ചൈന (49.5 ബില്യണ്‍), ഫിലിപ്പീൻസ് (39.1 ബില്യണ്‍), ഫ്രാൻസ് (34.8 ബില്യണ്‍), പാകിസ്ഥാൻ (26.6 ബില്യണ്‍), ഈജിപ്റ്റ് (24.2 ബില്യണ്‍), ബംഗ്ലദേശ് (23 ബില്യണ്‍), നൈജീരിയ (20.5 ബില്യണ്‍), ജർമനി (20.4 ബില്യണ്‍) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
STORY HIGHLIGHTS:Non-resident Indians remitted $107 billion in the last financial year (2023-24).