പെരുമ്ബാവൂരില്‍ നിയമവിദ്യാർഥിനിയെ ബലാത്സാഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സമർപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.
പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്കുമാർ, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.
കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളില്‍ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാർഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ നിന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
സാക്ഷികളില്ലാത്ത കേസില്‍ ഡി എൻ എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കനാല്‍ പുറമ്ബോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. തുടർന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
താൻ നിരപരാധിയാണെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുൻപരിചയമില്ലെന്നുമായിരുന്നു അമീറിന്റെ വാദം.
നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയില്‍ അപേക്ഷനല്‍കിയത്.
STORY HIGHLIGHTS:Jisha murder: High Court upheld the death sentence of accused Amirul Islam.