ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ.
പുതിയ നയത്തിന്റെ ഭാഗമായി അഞ്ച് മുതല്‍ 15 കിലോ വരെ ഭാരം കുറയും.
ആഭ്യന്തര യാത്രയ്‌ക്കുള്ള ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. പുതിയ നയത്തിന്റെ ഭാഗമായി അഞ്ച് മുതല്‍ 15 കിലോ വരെ ഭാരം കുറയും.
ഇത് മെയ് 2 മുതല്‍ പ്രാബല്യത്തില്‍ വന്നു.അധികം ബഗേജുകള്‍ കൊണ്ടുപോകാൻ ഇനി കൂടുതല്‍ പണം നല്‍കണം.
കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്‌ലെക്‌സ് എന്നിങ്ങനെ വ്യത്യസ്ത വിലനിർണ്ണയ മാതൃകകള്‍ കഴിഞ്ഞ വർഷം എയർ ഇന്ത്യ അവതരിപ്പിച്ചിരുന്നു. വ്യത്യസ്ത നിരക്കുകളെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രൂപ്പുകള്‍ക്ക് ആനുകൂല്യങ്ങളിലും നിയന്ത്രണങ്ങളിലും വ്യത്യസമുണ്ടാകും.
കംഫർട്ട്, കംഫർട്ട് പ്ലസ് ഫെയർ ഫാമിലികളില്‍ ടിക്കറ്റ് വാങ്ങിയ ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജ് അലവൻസ് 15 കിലോ ആയി ക്രമീകരിക്കും. നേരത്തേയിത് യഥാക്രമം 20, 25 കിലോയായിരുന്നു. ഇക്കണോമി ക്യാബിനിലെ ഫ്‌ലെക്സ് നിരക്കിന്റെ അലവൻസ് 25 കിലോ ഗ്രാം എന്നത് മാറ്റമില്ലാതെ തുടരും.
പ്രീമിയം ഇക്കോണമിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കംഫർട്ട് പ്ലസില്‍ 30 കിലോയുണ്ടായിരുന്നത് 15 കിലോ ഗ്രാമായി കുറച്ചു. ഫ്‌ലെക്‌സ് ടിക്കറ്റില്‍ കരുതാവുന്ന ഭാരം 35 കിലോയില്‍ നിന്ന് 25 കിലോഗ്രാമായും കുറച്ചു.
അതുപോലെ, കംഫർട്ട് പ്ലസില്‍ സഞ്ചരിക്കുന്ന ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 25 കിലോഗ്രാം ബാഗേജ് അനുവദിക്കും. നേരത്തേയിത് 35 കിലോ ഗ്രാം ആയിരുന്നു. അതേസമയം ഫ്‌ലെക്‌സില്‍ സഞ്ചരിക്കുന്ന ബിസിനസ് ക്ലാസുകാർക്ക് 35 കിലോഗ്രാമായി കുറച്ചു. നേരത്തേയിത് 40 കിലോ ഗ്രാം ആയിരുന്നു.
യാത്രക്കാർക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ നിരക്കും സേവനങ്ങളും തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍ എന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
STORY HIGHLIGHTS:Air India has revised its baggage policy.